തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരി വില്‍ന വിനോദ് (25)വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. അതേ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കാട് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനെ(51)യാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഇയാള്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് മുമ്പാകെ ഇന്നലെ ഉച്ചക്ക് ശേഷം ഹാജരാക്കി. തലശ്ശേരി സി.ഐ പി.എം. മനോജിനാണ് അന്വേഷണ ചുമതല. തോക്കില്‍ തിരനിറച്ച ശേഷം പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് അപകടം സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
മരിച്ച വില്‍ന വിനോദിന് നാട് വിടചൊല്ലി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം രാത്രിയോടെ ഭര്‍ത്താവ് സംഗീതിന്‍െറ വീടായ പുന്നോല്‍ കൊമ്മല്‍വയല്‍ പൂജ ഹൗസില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ അവിടെ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം പത്തേകാലോടെയാണ് മേലൂരിലെ അമ്മയുടെ വീട്ടില്‍ കൊണ്ടുവന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സി.പി.ഐ നേതാവ് സി.എന്‍. ചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ തുടങ്ങി ഒട്ടേറെ പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.