ജാബാലിയുടെയും അത്രി മഹര്‍ഷിയുടെയും ഭിന്നലോകങ്ങള്‍

ജാബാലിയുടെയും അത്രി മഹര്‍ഷിയുടെയും രണ്ട് ഭിന്നലോകങ്ങള്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുക എന്ന പ്രപഞ്ച സ്വഭാവത്തെ അനുസരിക്കുന്നവയാണ്. പ്രതിപാദനത്തില്‍നിന്ന് സത്യത്തെയും മിഥ്യയെയും വേര്‍തിരിച്ചെടുക്കലാണ് വായനക്കാരന്‍െറ ധര്‍മം. ഈശ്വരവിശ്വാസത്തെയും നിരീശ്വരവാദത്തെയും ക്ഷമാശീലനായ രാമായണകവി ഉള്‍ക്കൊള്ളുകയും ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യുന്നു. വേദോപനിഷത്തുകളുടെ കാലം മുതല്‍ സജീവമായിരുന്ന ഈശ്വര-നിരീശ്വര ചര്‍ച്ചകളുടെ സ്വാധീന ഫലമാണിത്. അനാത്മവാദമെന്ന പ്രസിദ്ധമായ ലോകായതം അഥവാ ബുദ്ധദര്‍ശനം ഇതിന്‍െറ തുടര്‍ച്ചയാണ്. എല്ലാം ത്യജിക്കാനുള്ള തീരുമാനത്തില്‍നിന്ന് ഭരതനെ പിന്തിരിപ്പിച്ച രാമനോട് ആശയ സംവാദത്തില്‍ ഏര്‍പ്പെട്ട മഹര്‍ഷി ജാബാലിയും ഭയ ഭക്തി ബഹുമാനങ്ങളോടെ രാമനെ സ്വീകരിച്ച അത്രി മഹര്‍ഷിയും വിരുദ്ധമായ രണ്ട് ആശയധാരകളുടെ പ്രതീകങ്ങളായി വരുന്നത് കാവ്യത്തില്‍ കാണാം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആര്‍ഷ തത്ത്വജ്ഞാനത്തിന്‍െറ തിരുശേഷിപ്പുകളാണ് ഈ ദര്‍ശനങ്ങള്‍. രാമന്‍െറ അയനത്തിന് ഇടക്കുള്ള കല്ലുകടിയായാണ് ചിലര്‍ ഈ സന്ദര്‍ഭത്തെ കാണുന്നത്. ജാബാലി രാമനോട് പറയുന്നു: ‘ഈശ്വരനെ പൂജിക്കണം, യാഗം അനുഷ്ഠിക്കണം, ധര്‍മം ആചരിക്കണം, അന്നദാനം നടത്തണം എന്നും മറ്റുമുള്ള ശാസ്ത്രവചനങ്ങള്‍ വെറും തട്ടിപ്പാണ്. ആദ്യത്തെ വിഡ്ഢിയെ കബളിപ്പിക്കാന്‍ ആദ്യത്തെ കാപട്യക്കാരന്‍ കണ്ടുവെച്ച കപടതന്ത്രങ്ങള്‍. ഈ കാണുന്ന ദൃശ്യപ്രപഞ്ചമല്ലാതെ പരലോകം ഒന്നുണ്ടെന്നും മറ്റുമുള്ള ധാരണ ശുദ്ധഭോഷ്കാണ്’. യാന്ത്രികമായി ഈ ഭൗതികവാദചിന്ത കാവ്യത്തില്‍ വികസിക്കാത്തതുകൊണ്ടും മറ്റൊരു സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവരാത്തതുകൊണ്ടും ജാബാലി ശ്രീരാമ സംവാദം പ്രക്ഷിപ്തമാകാനുള്ള സാധ്യത വര്‍ധിക്കുന്നു. എന്നാല്‍പോലും ചാര്‍വാകചിന്തയുടെ പ്രചാരണകാലവും രാമായണകാലവും തമ്മില്‍ പ്രസ്താവ്യമായ ദൂരമില്ളെന്ന് പറയാം. ജാബാലിയില്‍നിന്ന് വ്യത്യസ്തനായ അത്രി മഹര്‍ഷി ധര്‍മാനുഷ്ഠാനങ്ങളുടെയും ആത്മീയചിന്തയുടെയും പ്രതീകമായി ശോഭിക്കുന്നു. നാരദന്‍െറ പാതിവ്രത്യ പരീക്ഷണത്തില്‍ വിജയിച്ച അനസൂയയാണ് അത്രിയുടെ പത്നി. നാരദന്‍ ഒരു വെള്ളാരങ്കല്ല് കൊടുത്തിട്ട് വേവിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ ഭാര്യമാര്‍ പരാജയപ്പെട്ടിടത്ത് അനസൂയ വിജയിച്ചു. ചാരിത്ര്യശുദ്ധി തെളിയിച്ച ഇത്തരം പരീക്ഷണങ്ങളില്‍ അവിശ്വസനീയമാംവിധം അദ്ഭുതങ്ങള്‍ കലര്‍ന്നിട്ടുണ്ടെങ്കിലും രാമന്‍െറ, സീതയുടെ, അനസൂയയുടെ അയനം ഉപദര്‍ശനങ്ങളുടെ അയനത്തെ ലഘൂകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.