ന്യൂഡൽഹി: റൺവേ വികസനവുമായി ബന്ധപ്പെട്ട് കരിപ്പൂർ എയർപോർട്ടിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹാരിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റൺവേ വികസനത്തിനായുള്ള സ്ഥലം സംസ്ഥാന സർക്കാർ എറ്റെടുത്തു നൽകും. മുമ്പ് റദ്ദാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻെറ ശ്രദ്ധയിൽപെടുത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്തിനകത്തെ വിമാനത്താവളങ്ങൾ തമ്മിലുള്ള സർവീസുകൾ  വർധിപ്പിക്കുന്നത് വ്യോമയാന മന്ത്രാലയത്തിൻെറ ശ്രദ്ധയിൽപെടുത്താമെന്നും മോദി ഉറപ്പ് നൽകി. ബേക്കൽ, വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളിൽ ചെറുവിമാനങ്ങൾക്ക് ഇറങ്ങുന്നതിനായി എയർ സ്ട്രിപ്പുകൾ സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആറന്മുള വിമാനത്താവളം, എയർകേരള എന്നിവ എൽ.ഡി.എഫ് സർക്കാറിൻെറ നയങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി - മംഗലാപുരം ഗെയ്ൽ വാതക പൈപ്പ് ലൈൻപദ്ധതിക്കായി സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കും. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നതിന് അതാത് ജില്ലകളിലെ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 6,000 കോടി രൂപ കേന്ദ്രം അനുവദിച്ച പദ്ധതി നടപ്പാക്കുന്നതിനുള്ള സംസ്ഥാനത്തിൻെറ ഉത്തരവാദിത്തം പൂർത്തീകരിക്കും. കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഇടപടണം. ടെക്സ്റ്റൈൽ മേഖലയുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിച്ച കേന്ദ്ര നടപടി കശുവണ്ടി വിഷയത്തിലും വേണമെന്ന്  ഉന്നയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കുളച്ചൽ തുറമുഖം വിഴിഞ്ഞം പദ്ധതിയുടെ വികസനത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് തന്നു. കുളച്ചല്‍ പദ്ധതി നടപ്പാക്കണമെന്നത് കേന്ദ്രത്തിൻെറ ഉറച്ച നിലപാടാണ്. അതിനാൽ വിഴിഞ്ഞം പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. ഇതിനായി സംസ്ഥാന സർക്കാർ ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടും. സാഗർമാല പദ്ധതിയിൽ വിഴിഞ്ഞത്തെ ഉൾപെടുത്തും. ഫാക്ടിൻെറ ഒഴിഞ്ഞു കിടക്കുന്ന 450 ഏക്കർ സ്ഥലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നത് സംബന്ധിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു.

സംസ്ഥാന സർക്കാർ സ്ഥലം നൽകുകയാണെങ്കിൽ സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് 14 ജില്ലകളിലും വൺ സ്റ്റോപ്പ് സെൻററുകൾ സ്ഥാപിക്കാമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി സംസ്ഥാനത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.