പച്ചകുത്തലും ‘മരുന്നടിയും’ കരള്‍ അര്‍ബുദത്തിലേക്ക് വാതില്‍ തുറക്കാം

കൊച്ചി: പുതുതലമുറയില്‍ വ്യാപിച്ചുവരുന്ന ശരീരത്തില്‍ പച്ചകുത്തലും വിവിധ അവയവങ്ങള്‍ തുളച്ചുകൊണ്ടുള്ള ആഭരണം ധരിക്കലുമെല്ലാം ഹെപ്പറ്റൈറ്റിസ് ബിയുടെയും സിയുടെയും കടന്നുവരവിന് കാരണമാകാമെന്നും അതുവഴി കരളിനുണ്ടാകുന്ന അര്‍ബുദത്തിലേക്ക് വാതില്‍ തുറക്കാമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍.
മദ്യപാനത്തില്‍നിന്നാണ് കരള്‍വീക്കമുണ്ടാകുന്നതെന്ന ധാരണകള്‍ തിരുത്തിക്കുറിക്കുകയാണ്. മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമെല്ലാം ഇത്തരം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. എന്നാല്‍, ഇതൊന്നും ഉപയോഗിക്കാത്തവരിലും ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങള്‍ ഇന്ന് വ്യാപകമാണ്. അതിനുകാരണം ജീവിതശൈലിയില്‍ കടന്നുവരുന്ന ഫാഷന്‍ ഭ്രമമാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവ രക്തത്തിലൂടെയാണ് പകരുന്നത്. രക്തദാനം, ഒരാള്‍ ഉപയോഗിച്ച സിറിഞ്ച്, സൂചി, ബ്ളേഡ് എന്നിവ വീണ്ടും ഉപയോഗിക്കല്‍ തുടങ്ങിയവയാണ് ഇതിന് കാരണമാകുന്നത്. ഈ രോഗബാധയുള്ളയാളുടെ ഒരുതുള്ളി രക്തത്തില്‍പോലും നൂറുകണക്കിന് അണുക്കളുണ്ടാകും. രക്തം ഉണങ്ങി കട്ടപിടിച്ചാല്‍പോലും ഒരാഴ്ചവരെ അണുക്കള്‍ സജീവമായിരിക്കും. ഈ ഉപകരണങ്ങള്‍ വീണ്ടും മറ്റൊരാള്‍ ഉപയോഗിക്കുന്നതോടെ ഇത് പകരുകയും ചെയ്യും. നേരത്തേ എയ്ഡ്സ് ഭീതി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മുടിവെട്ട് കടകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയില്‍ ബ്ളേഡും മറ്റും വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണം നടന്നിരുന്നു.

ഒപ്പം, ആശുപത്രികളിലും മറ്റും കുത്തിവെപ്പിന് ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നതും വിലക്കിയിരുന്നു. രണ്ടാമതൊരിക്കല്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഡിസ്പോസിബ്ള്‍ സിറിഞ്ച് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ യുവാക്കളില്‍ ഫാഷനായി മാറിയിരിക്കുന്ന ടാറ്റൂയിങ്, പച്ചകുത്തല്‍, ചെവി-മൂക്ക് തുടങ്ങിയവ തുളച്ച് ആഭരണങ്ങള്‍ ധരിക്കല്‍ എന്നിവയില്‍ ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സംവിധാനമൊന്നുമില്ല. അതുകൊണ്ടുതന്നെ, യുവാക്കളില്‍ രക്തത്തിലൂടെ പകരുന്ന ഇത്തരം രോഗങ്ങള്‍ വര്‍ധിച്ചുവരുകയാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നത് അധികവും 20നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് പ്രമുഖ കരള്‍രോഗ വിദഗ്ധന്‍ ഡോ. ഫിലിപ് അഗസ്റ്റിന്‍ വിശദീകരിച്ചു. കൊച്ചിപോലുള്ള പ്രമുഖ നഗരങ്ങളില്‍ ഈ പ്രവണത വര്‍ധിച്ചുവരുന്നുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഒരേ സൂചിതന്നെ മാറിമാറി ഉപയോഗിക്കുന്നതും ഇത്തരം രോഗങ്ങള്‍ പകരാന്‍ ഇടയാക്കുന്നുണ്ട്. ഒരേ വീട്ടിലുള്ളവര്‍ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ സിറിഞ്ച് പരസ്പരം ഉപയോഗിക്കുന്നതുപോലും ഇത്തരം രോഗാണുക്കള്‍ പകരാന്‍ ഇടയാക്കും. മറ്റ് മഞ്ഞപ്പിത്ത രോഗങ്ങളെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ അണുക്കള്‍ ഒരിക്കല്‍ ശരീരത്തില്‍ കടന്നാല്‍ അത് ദീര്‍ഘകാലം തുടരും. രോഗി അറിയാതെതന്നെ കരളിന്‍െറ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് ലിവര്‍ സിറോസിസിലേക്കും ലിവര്‍ കാന്‍സറിലേക്കും വഴി തുറക്കുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.