പാലക്കാട്: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഷൊര്‍ണൂരില്‍ റെയില്‍വേ സംരക്ഷണ സേന പിടികൂടിയ ഒഡിഷ പെണ്‍കുട്ടികളെ ഈയാഴ്ച നാട്ടിലേക്കയക്കും. രക്ഷിതാക്കള്‍ക്കൊപ്പമാണ് ഇവരെ തിരിച്ചയക്കുന്നത്. ബുധനാഴ്ച മടക്കയാത്ര ഉണ്ടായേക്കും. യാത്രാചെലവ് സര്‍ക്കാര്‍ വഹിക്കും. പെണ്‍കുട്ടികളുടെ പ്രായം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പീഡനക്കേസന്വേഷിക്കുന്ന റെയില്‍വേ പൊലീസിന് തിങ്കളാഴ്ച ലഭിച്ചു. ഇതിനാല്‍ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടിക്ക് പെണ്‍കുട്ടികളുടെ സാന്നിധ്യം കേരളത്തില്‍ ആവശ്യമില്ളെന്ന് റെയില്‍വേ പൊലീസ് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിനെ അറിയിച്ചു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒഡിഷ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ടുവന്ന ഝാര്‍ഖണ്ഡ് സ്വദേശിനി സുചിത്ര സിങ്ങിനെ പ്രതിചേര്‍ത്ത് റെയില്‍വേ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സുചിത്ര സിങ് റിമാന്‍ഡിലാണ്. പെണ്‍കുട്ടികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനുമതി ഇല്ലാതെയാണ് കൊണ്ടുവന്നതെന്ന് രണ്ട് രക്ഷിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, പീഡനക്കേസിന്‍െറ അന്വേഷണത്തില്‍ പൊലീസ് അലംഭാവം തുടരുകയാണെന്ന് ആക്ഷേപമുണ്ട്. ഝാര്‍ഖണ്ഡ് സ്വദേശികളായ ഒമ്പത് കുട്ടികളെയും മുതിര്‍ന്ന സ്ത്രീകളെയും തിരിച്ചയക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള യാത്രാചെലവ് ജില്ലാ ശിശുസംരക്ഷണ യൂനിറ്റും മുതിര്‍ന്ന സ്ത്രീകളുടെ ചെലവുകള്‍ സാമൂഹികനീതി വകുപ്പും വഹിക്കും. അതേസമയം, മനുഷ്യക്കടത്ത്, ബാലനീതി വകുപ്പുകള്‍ ചേര്‍ത്ത് റെയില്‍വേ പൊലീസ് എടുത്ത കേസില്‍ റിമാന്‍ഡിലുള്ള ഝാര്‍ഖണ്ഡ് സംഘത്തിലെ അഞ്ച് പുരുഷന്മാര്‍ 25 ദിവസമായി റിമാന്‍ഡിലാണ്. തൊഴില്‍ തേടിവന്ന സംഘത്തിലെ പുരുഷന്മാര്‍ക്കെതിരെയാണ് മനുഷ്യക്കടത്തുള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ഝാര്‍ഖണ്ഡ് സംഘത്തെ എത്തിച്ച ഏജന്‍റിനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഝാര്‍ഖണ്ഡ് സംഘത്തിലെ ഒരു സ്ത്രീയുടെ ഭര്‍ത്താവും ഒരാളുടെ മകനും റിമാന്‍ഡിലാണ്. എറണാകുളത്തെ ചെമ്മീന്‍ സംസ്കരണ ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന ഏജന്‍റിന്‍െറ ഉറപ്പില്‍ വിശ്വസിച്ച് എത്തിയവരാണ് ഇവര്‍. ഝാര്‍ഖണ്ഡ് സംഘത്തെ കഴിഞ്ഞ 30ന് ഷൊര്‍ണൂരില്‍ ആര്‍.പി.എഫ് പിടികൂടുന്നത് കണ്ട് മറ്റൊരു റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്ത ഏജന്‍റ് മുങ്ങിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.