ന്യൂഡല്‍ഹി: മോദിസര്‍ക്കാറിന്‍െറ പിന്നാക്ക, ന്യൂനപക്ഷ വിരുദ്ധ ചെയ്തികളെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. ഏക സിവില്‍ കോഡ് പോലെ, രാജ്യത്തിന്‍െറ ബഹുസ്വരതക്കെതിരായ നീക്കങ്ങളില്‍ ഇടതു പാര്‍ട്ടികള്‍ അടക്കം സമാന ചിന്താഗതിക്കാരുമായി പ്രശ്നാധിഷ്ഠിത സഹകരണത്തിനുള്ള സന്നദ്ധതയും ലീഗ് പ്രകടിപ്പിച്ചു.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അടിച്ചമര്‍ത്തലും സ്വത്വ പ്രതിസന്ധിയും നേരിടുന്ന വിഷയം ചൂണ്ടിക്കാട്ടിയ ലീഗ് നിര്‍വാഹക സമിതി എട്ടു പ്രമേയങ്ങളാണ് വിഷയത്തില്‍ മുന്നോട്ടുവെച്ചത്. ഏക സിവില്‍ കോഡിനുള്ള ശ്രമത്തിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെതിരെ സമാന ചിന്താഗതിക്കാരുടെ അഖിലേന്ത്യാ യോഗം വിളിക്കാന്‍ തീരുമാനിച്ചു. സിവില്‍ കോഡ് വിരുദ്ധ ദേശീയ ദിനം ആചരിക്കും. അവരവരുടെ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന 44ാം ഭരണഘടനാ അനുഛേദം റദ്ദാക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കും.
ദുര്‍ബല വിഭാഗങ്ങളുടെ ജീവിതം അപകടാവസ്ഥയിലായതിന് ഗുജറാത്തില്‍ പട്ടികജാതിക്കാരെ വേട്ടയാടിയ സംഭവം പുതിയ ഉദാഹരണമാണെന്ന് സമിതി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ സര്‍ക്കാറിന്‍െറ മൗനാനുവാദമുണ്ട്. കശ്മീര്‍ വെന്തുരുകയാണ്. പോട്ട, ടാഡ, യു.എ.പി.എ തുടങ്ങിയ കാടന്‍ നിയമങ്ങള്‍ പ്രശ്നപരിഹാരത്തിന് ഉതകില്ളെന്ന് തെളിഞ്ഞതാണെങ്കിലും, കശ്മീരില്‍ സമാനമായ ‘അഫ്സ്പ’യുടെ പിന്‍ബലത്തോടെ സൈന്യം ജനങ്ങളെ നേരിടുകയാണ്.
ഭീകരത ഈ നൂറ്റാണ്ടിന്‍െറ വെല്ലുവിളി തന്നെയാണെങ്കിലും, അതിനെ വിലയിരുത്തുന്നതിലും നേരിടുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് (ഐ.എസ്) ഇസ്ലാമുമായി ഒരു ബന്ധവുമില്ല. എന്നാല്‍, ലോകമറിയുന്ന ഇസ്ലാമിക പണ്ഡിതനായ സാകിര്‍ നായികിനെ തെളിവുകളുടെ പിന്‍ബലമില്ലാതെ ഐ.എസ് ബന്ധമാരോപിച്ചു വേട്ടയാടുന്നു. അതിനൊപ്പം മാധ്യമവിചാരണയും നടക്കുന്നു. ഭീകര സംഘടനകളിലേക്ക് കേരളത്തില്‍നിന്ന് ആരെങ്കിലും പോയതിന് വ്യക്തമായ സ്ഥിരീകരണമില്ളെങ്കിലും, ഇതേ വേട്ടയാടല്‍ നടക്കുകയാണ്.
നൂറുകണക്കിനു നിരപരാധികളായ ചെറുപ്പക്കാരെ ഭീകരബന്ധം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി വിചാരണ കൂടാതെ നീണ്ട വര്‍ഷങ്ങള്‍ ജയിലില്‍ അടക്കുകയാണ്. അവരുടെ നഷ്ടജീവിതത്തിന് ഉത്തരവാദികളോ നഷ്ടപരിഹാരമോ ഇല്ല. അലീഗഢ്, ജാമിഅ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കാനുള്ള വാദഗതികളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തുന്നത്.
രാജ്യത്തിന്‍െറ വിശാല താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് രണ്ടു വര്‍ഷത്തെ മോദിസര്‍ക്കാറിന്‍െറ ഭരണം. രാജ്യതാല്‍പര്യം ബലികഴിച്ച് വിദേശശക്തികളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുക വഴി സാമ്പത്തിക അടിമത്തത്തിലേക്കാണ് ഇന്ത്യയെ നയിക്കുന്നത്. വിലക്കയറ്റം നേരിടാനോ കാര്‍ഷിക രംഗത്തെ ദുരിതാവസ്ഥ പരിഹരിക്കാനോ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ളെന്നും പ്രമേയത്തില്‍ പറഞ്ഞു.
സമാന ചിന്താഗതിക്കാരെയും ദലിതുകളെയും മറ്റു ദുര്‍ബല വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പിന്നാക്ക-ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ കൂട്ടായ്മ രൂപപ്പെടുത്താന്‍ ലീഗ് മുന്‍കൈയെടുക്കണമെന്ന് യോഗത്തിന്‍െറ തുടക്കത്തില്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചു. ഏക സിവില്‍ കോഡും രാമജന്മഭൂമിയുമൊക്കെ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വിഷയങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
108 അംഗങ്ങളുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഖാദര്‍ മൊയ്തീന്‍, കെ.പി.എ മജീദ്, അഡ്വ. ഇഖ്ബാല്‍ അഹ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.