എല്‍.ഡി.എഫ് യോഗം ഇന്ന്; ദാമോദരന്‍ വിഷയം കളങ്കമായെന്ന് സി.പി.ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരന്‍െറ പ്രവൃത്തികള്‍ എല്‍.ഡി.എഫിന്‍െറ പ്രതിച്ഛായക്ക് കളങ്കം സൃഷ്ടിക്കുന്നെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം സി.പി.എമ്മിനെ അറിയിച്ചു. ഇടവേളക്കുശേഷം ചൊവ്വാഴ്ച എല്‍.ഡി.എഫ് സംസ്ഥാനസമിതി ചേരവേ ബോര്‍ഡ്, കോര്‍പറേഷനുകള്‍ പങ്കുവെക്കുന്നതടക്കം വിഷയങ്ങള്‍ക്കൊപ്പം ദാമോദരന്‍ പ്രശ്നവും ചര്‍ച്ചയായേക്കും.

സി.പി.എം നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് സി.പി.ഐ നേതൃത്വം സര്‍ക്കാറിനെ വിവാദത്തിലാക്കിയ എം.കെ. ദാമോദരന്‍ വിഷയത്തിലെ അതൃപ്തി വ്യക്തമാക്കിയതെന്നാണ് അറിവ്. മുഖ്യ നിയമോപദേഷ്ടാവായി നിയമിച്ചശേഷം ദാമോദരന്‍ അന്യസംസ്ഥാന ലോട്ടറി തട്ടിപ്പില്‍ ആരോപണവിധേയനായ സാന്‍റിയാഗോ മാര്‍ട്ടിനും ക്വാറി ഉടമകള്‍ക്കും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനും വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായി.

നേരത്തേ ഐസ്ക്രീം കേസ് അട്ടിമറി ആരോപിച്ച് ദാമോദരനെതിരെ ഉള്‍പ്പെടെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാനം എതിര്‍നിലപാട് സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ ഉണ്ടായ ഈ സംഭവങ്ങള്‍ മൂലം സമൂഹത്തില്‍ മോശം പ്രതിച്ഛായ ഉണ്ടായെന്ന് സി.പി.ഐ നേതൃത്വം കോടിയേരി ബാലകൃഷ്ണനെ രേഖാമൂലം അറിയിച്ചു. മുഖ്യ നിയമോപദേശകന്‍ എന്ന പദവിയില്‍ സര്‍ക്കാറിന്‍െറ ഭാഗമായ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിന്‍െറയും മുന്നണിയുടെയും താല്‍പര്യത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ളെന്നും സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്‍െറയും എല്‍.ഡി.എഫിന്‍െറയും പ്രതിച്ഛായയെ മുന്‍നിര്‍ത്തി തങ്ങളുടെ ഭിന്നസ്വരം പരസ്യമാക്കേണ്ടതില്ളെന്ന അഭിപ്രായമാണ് സി.പി.ഐക്ക്. അതേസമയം, ദാമോദരനെ ഒഴിവാക്കുന്നത് മുഖ്യമന്ത്രിയും സര്‍ക്കാറും തീരുമാനിക്കട്ടേയെന്ന നിലപാടാണ് അവര്‍ക്ക്. മറ്റ് ഘടകകക്ഷികള്‍ക്കും ഈ വിഷയത്തില്‍ അതൃപ്തിയുണ്ട്.

മുഖ്യ നിയമോപദേശകന്‍ സ്വയം ഒഴിവാകണമെന്ന അഭിപ്രായം സി.പി.എം സംസ്ഥാനനേതൃത്വത്തിലും ഒരു വിഭാഗത്തില്‍ ശക്തമാണ്. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്‍െറ ശമ്പളം പറ്റാതെയാണ് ദാമോദരന്‍ ജോലി ചെയ്യുന്നതെന്നും ഏത് കേസും ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. വിഷയം മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്ന നിലപാട് സി.പി.എം നേതൃത്വത്തിലുണ്ടെങ്കിലും പാര്‍ട്ടിയില്‍ സര്‍വശക്തനായ മുഖ്യമന്ത്രിയോട് തിരുത്തല്‍ നിര്‍ദേശിക്കാന്‍ കഴിയുന്നില്ല. ഒരുമാസത്തെ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനവും മുന്നണിക്ക് നിര്‍ദേശിക്കാനുള്ള ഭാവിപരിപാടിയും ചൊവ്വാഴ്ച ചര്‍ച്ചചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.