ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശ്രീനാരായണഗുരുവിന്‍െറ പേര് നല്‍കും – ഇ.പി. ജയരാജന്‍

കൊച്ചി: സംസ്ഥാനത്ത് നിര്‍മിക്കുന്ന വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലൊന്നിന് ശ്രീനാരായണഗുരുവിന്‍െറ പേര് നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. എല്ലാ ജില്ലയിലും ഓരോ സ്റ്റേഡിയം വീതമാണ് നിര്‍മിക്കുക. ഇതില്‍ ഒന്നിന് ഗുരുവിന്‍െറ പേര് നല്‍കുന്നതില്‍ സര്‍ക്കാറിന് അഭിമാനമുണ്ട്. ശ്രീനാരായണ ഗ്ളോബല്‍ മിഷന്‍െറ ആഭിമുഖ്യത്തില്‍ ‘നമുക്ക് ജാതിയില്ല’ എന്ന ഗുരുവിന്‍െറ അദൈ്വത സന്ദേശത്തിന്‍െറ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു മന്ത്രി.
ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ കേരളത്തില്‍ കടപ്പെട്ടിരിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ഗുരുവിന്‍െറ പേരിലാണ് ഇത്തവണ ഇടതുസര്‍ക്കാറിന്‍െറ ആദ്യബജറ്റ് അവതരിപ്പിച്ചത്. ശ്രീനാരായണഗുരു ഉഴുതുമറിച്ച നവോത്ഥാനത്തിന്‍െറ മണ്ണിലാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. സോഷ്യലിസത്തിന്‍െറ തകര്‍ച്ചയാണ് ലോകത്ത് അസ്ഥിരത പടരാന്‍ കാരണം.
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത് തെറ്റല്ളേ എന്ന് അമേരിക്കയില്‍നിന്നുപോലും ചോദ്യം ഉയരുന്നു. ശ്രീനാരായണദര്‍ശനങ്ങള്‍ പിന്തുടര്‍ന്നാല്‍ ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായം മാത്രമല്ല വാണിജ്യവും വിപുലപ്പെടുത്തുന്നതടക്കം നടപടികള്‍ സര്‍ക്കാറെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗ്ളോബല്‍ മിഷന്‍ നല്‍കിയ ആദരം മന്ത്രി ഏറ്റുവാങ്ങി. ഗ്ളോബല്‍ മിഷന്‍ സംസ്ഥാനപ്രസിഡന്‍റ് പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി. ഭവദാസന്‍, ഡോ. അരവിന്ദന്‍, മുന്‍ ഡി.ജി.പി വി.ആര്‍. രാജീവന്‍, ടി.ആര്‍. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.