തിരുവനന്തപുരം: പോബ്സ് ഗ്രൂപ്പിന്‍െറ നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് കരമൊടുക്കാന്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സ്പെഷല്‍ പ്ളീഡറായിരുന്ന അഡ്വ. സുശീല ഭട്ടായിരുന്നു. കേസില്‍ ഹൈകോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്തിരുന്ന സുശീല ഭട്ട് അറിയാതെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
കരം സ്വീകരിച്ചാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാവില്ളെന്നാണ് കരം സ്വീകരിക്കുന്നതിനുള്ള ന്യായീകരണമായി ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കരമടക്കുന്നതിന് അനുവാദം നല്‍കിയ നടപടി കോടതിയില്‍ നിലവിലുള്ള കേസിനെ ദോഷകരമായി ബാധിക്കുമെന്നും നേരത്തേ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്‍െറ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് സുശീല ഭട്ട് ഉത്തരവിനെ എതിര്‍ത്തു. പോബ്സ് കൈവശം വെക്കുന്നത് സര്‍ക്കാറിന്‍െറ ഭൂമിയല്ളെന്ന് വാദിക്കാവുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
കരുണയുടെ കാര്യത്തില്‍ അഡ്വ. ജനറല്‍ ദണ്ഡപാണി സര്‍ക്കാറിന് നല്‍കിയ ഉപദേശവും ഉത്തരവിന് അനുകൂലമായിരുന്നു. എന്നാല്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി. മേരിക്കുട്ടിയുടെ നേതൃത്വത്തിലെ സമിതി കരുണ എസ്റ്റേറ്റ് ഭൂമി അളന്നുതിരിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരെയാണ് പോബ്സ് ഗ്രൂപ് കോടതിയെ സമീപിച്ചത്. കരമടക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമ്പോള്‍ പോബ്സ് ഗ്രൂപ്പില്‍നിന്ന് ഭൂനികുതി വാങ്ങാമെന്ന് കോടതിയും ഉത്തരവിട്ടിരുന്നില്ല.
ഹൈകോടതി സിംഗ്ള്‍ ബെഞ്ചിനെതിരെയുള്ള റിട്ട് അപ്പീല്‍ കേരള ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ നിലനില്‍ക്കുമ്പോഴാണ് ഭൂനികുതി വാങ്ങുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കരമൊടുക്കുന്നെന്നത് ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുള്ള കാരണമല്ളെന്ന് മറ്റു ചില കേസുകളില്‍ കോടതി വിധിയുണ്ടെന്ന വിചിത്രവാദം നിരത്തിയാണ് കരമൊടുക്കുന്നതിന് അനുമതി നല്‍കിയത്. പോബ്സിനെതിരെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി. മേരിക്കുട്ടി നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ സുശീല ഭട്ട്, സര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ നിലവിലുള്ള കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി.
അന്നത്തെ മന്ത്രി അടൂര്‍ പ്രകാശിന് സുശീല ഭട്ടിന്‍െറ നിലപാട് അംഗീകരിക്കേണ്ടിയുംവന്നു. സുശീലയെ സ്ഥാനത്തുനിന്ന് മാറ്റുന്നതിലൂടെ പോബ്സ് അടക്കമുള്ള ഭൂമാഫിയ സംഘങ്ങളുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.