?????? ??????????????

ശ്യാമള എട്ടു വര്‍ഷമായി കാത്തിരിക്കുന്നു ഭര്‍ത്താവിന്‍െറ പെന്‍ഷനായി

പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ അവഗണന പേറി വിധവയും വികലാംഗയുമായ വീട്ടമ്മ. ദേവസ്വം ബോര്‍ഡിന്‍െറ പറവൂര്‍ ഗ്രൂപ്പില്‍പെട്ട തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ജീവനക്കാരനായിരിക്കവേ 2008 ല്‍ മരണപ്പെട്ട നാരായണന്‍കുട്ടിയുടെ ഭാര്യ ശ്യാമളയാണ് എട്ട് വര്‍ഷമായി ഭര്‍ത്താവിന്‍െറ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി കാത്തിരിക്കുന്നത്. ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രമടക്കം വിവിധയിടങ്ങളില്‍ 18 വര്‍ഷത്തോളം നാരായണന്‍കുട്ടി ജോലി ചെയ്തിരുന്നു.

നാരായണന്‍കുട്ടി മരണപ്പെട്ട ശേഷവും ആനുകൂല്യങ്ങള്‍ ഒന്നും ദേവസ്വം ബോര്‍ഡ് നല്‍കിയില്ല. പെന്‍ഷന്‍ ഇനത്തിലും ഗ്രാറ്റുവിറ്റി, പ്രോവിഡന്‍റ് ഫണ്ട് ഇനത്തിലും ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ട്. മരണപ്പെടുന്ന ക്ഷേത്ര ജീവനക്കാരുടെ അവകാശികള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ ദേവസ്വം ബോര്‍ഡില്‍ വ്യവസ്ഥയുണ്ട്. രണ്ടുവട്ടം അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് ദേവസ്വം ഓംബുഡ്സ്മാന് പരാതി നല്‍കി. ഓംബുഡ്സ്മാന്‍ ദേവസ്വം കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ബോര്‍ഡില്‍നിന്ന് മറുപടിയുണ്ടായില്ല. ആശ്രിത നിയമനം അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.

ഇടത് കാല്‍മുട്ടിന് താഴെ മുറിച്ചുകളഞ്ഞതിനാല്‍ പരസഹായം കൂടാതെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും ശ്യാമളക്ക് കഴിയുന്നില്ല. 88 വയസ്സായ അമ്മ ലക്ഷ്മിക്കുട്ടിയമ്മയോടൊപ്പം തൃശൂര്‍ താലൂക്ക് പള്ളിപ്പുറം വില്ളേജില്‍ പിരാരത്ത് കറുപ്പത്ത് വീട്ടിലാണ് ശ്യാമള കഴിയുന്നത്. കൂലിവേലക്കാരനായ മകന്‍ സഞ്ജുനാഥിന്‍െറ സംരക്ഷണയിലാണ് കഴിയുന്നത്. ദേവസ്വം ബോര്‍ഡില്‍നിന്ന് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് പെന്‍ഷനേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളായ ശിവന്‍പാലമറ്റം, കെ.ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.