കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറിന് അടിയന്തിരമായി പരിഹരിക്കേണ്ട 6302 കോടി രൂപയുടെ അധിക ബാധ്യത വന്നു ചേർന്നിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുമായി സംവദിക്കാൻ ചീഫ് മിനിസ്റ്റർ ഓഫ് കേരള എന്ന പേരിൽ പുതുതായി തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉമ്മൻചാണ്ടി സർക്കാർ പടിയിറങ്ങുമ്പോൾ 1142 കോടിയുടെ നീക്കിയിരിപ്പു ഉണ്ടായിരുന്നുവെന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. കൊടുത്തു തീർക്കാനുള്ള 1800 കോടി തടഞ്ഞു വെച്ചാണ് നീക്കിയിരിപ്പു കാണിച്ചത്. ഇതു കൊടുത്തു തീർക്കുമ്പോൾ നീക്കിയിരിപ്പു മാറി 173 കോടി രൂപ കമ്മിയാകും. സാമൂഹ്യ ക്ഷേമ പെൻഷനുകൾ, കരാറുകാരുടെ കുടിശ്ശിക എന്നീ ഇനങ്ങളിൽ 6302 കോടി കൊടുത്തു തീർക്കാനുണ്ട്. ബജറ്റിൽ തുക വക കൊള്ളിക്കാതെ തുടക്കം കുറിച്ച പദ്ധതികൾക്കായി മറ്റൊരു 4326 കോടി രൂപ കൂടി വേണ്ടി വരും. എല്ലാം കൂടി പതിനായിരം കോടിയുടെ അധിക ബാധ്യതയാണ് സർക്കാറിൻമേലുള്ളത്.
ഇതു പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്നതല്ല. ജൂലൈ 8നു അവതരിപ്പിക്കുന്ന ബജറ്റ് ഇക്കാര്യങ്ങൾ മുന്നിൽ കണ്ടുള്ളതായിരിക്കും. സാമൂഹ്യക്ഷേമ പദ്ധതികൾ, മൂലധന ചെലവ് എന്നിവയിൽ ഒരു കുറവും വരുത്തില്ല. ധൂർത്ത് നിയന്ത്രിച്ചും നികുതിപിരിവ് കാര്യക്ഷമമാക്കിയും അച്ചടക്കമുള്ള സാമ്പത്തിക നിർവഹണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.