ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു

അടിമാലി: ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരം വീണ് മൂന്നു സ്ത്രീകള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബൈസണ്‍വാലി ഇരുട്ടള നെല്ലിക്കാട് ജോണ്‍സണ്‍ എസ്റ്റേറ്റില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.50നാണ് സംഭവം.

 ഇരുട്ടള നെല്ലിക്കാട് സ്വദേശി തങ്കവേലുവിന്‍െറ ഭാര്യ പാണ്ടിയമ്മ തങ്കം (39), പൊട്ടന്‍കാട് ചിറ്റേടത്തുകുന്നേല്‍ രാജന്‍െറ ഭാര്യ പുഷ്പ (45), ഇരുപതേക്കര്‍ പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്സി (44) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇരുപതേക്കര്‍ കൂത്തനായില്‍ ശകുന്തള (44), ഇരുപതേക്കര്‍ ഇരുട്ടള സ്വദേശികളായ പരിമള സുബ്രഹ്മണ്യന്‍ (50), ടെല്‍മ (35), തവിട് (46), മുനിയമ്മ (51) എന്നിവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25ഓളം തൊഴിലാളികള്‍ ഒരുമിച്ച് ഏലക്കായ എടുക്കുന്നതിനിടെ ഉണങ്ങിനിന്ന വെടിപ്ളാവ് ശക്തമായ കാറ്റില്‍ വീഴുകയായിരുന്നു. മരം ഒടിഞ്ഞ് വരുന്നതുകണ്ട് ഓടുന്നതിനിടെ പാറയുടെ ഇടയില്‍ കുടുങ്ങിയ മൂന്നുപേര്‍ക്ക് രക്ഷപ്പെടാനായില്ല. പാറയിലേക്ക് വീണ കൂറ്റന്‍ മരത്തിന്‍െറ പൊട്ടിച്ചിതറിയ കഷണങ്ങളാണ് ദുരന്തത്തിന് ഇടയാക്കിയത്.

മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും മറ്റു തൊഴിലാളികളും എസ്റ്റേറ്റ് സൂപ്പര്‍വൈസറും ചേര്‍ന്നാണ് ആശുപത്രിയിലത്തെിച്ചത്. ഒരാഴ്ചയായി തുടര്‍ച്ചയായി മഴയുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച സംഭവസമയംവരെ മഴ പെയ്തിരുന്നില്ളെന്ന് തൊഴിലാളികള്‍ പറഞ്ഞു. ജോണ്‍സണ്‍ പ്ളാന്‍േറഷനിലെ ജീവനക്കാരാണ് ദുരന്തത്തിനിരയായത്. മഴ ശക്തമായതിനാല്‍ തിങ്കളാഴ്ച മുതല്‍ ജോലി നിര്‍ത്തിവെക്കാന്‍ ഉടമ ജോണ്‍സണ്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തൊഴിലാളികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുനരാരംഭിക്കുകയായിരുന്നു.  മേഴ്സിയുടെ മക്കള്‍: ആതിര, അജിത്ത്. പുഷ്പയുടെ മക്കള്‍: ആതിര, ആര്യ. പണ്ടിയമ്മ തങ്കത്തിന് മക്കളില്ല. മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.  ഇരുപതേക്കര്‍-മൂന്നാര്‍ റോഡിലാണ് ഇരുട്ടള.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.