പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് മുഖ്യമന്ത്രി തുറന്നുകൊടുത്തു

കോഴിക്കോട്: നാടിന്‍െറ ഉത്സവമായി പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നുകൊടുത്തു. വൈകീട്ട് നാലരയോടെ നിറഞ്ഞ സദസ്സില്‍ പാലോറമല ജങ്ഷനില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ഉദ്ഘാടനം. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിന് സ്ഥലമേറ്റെടുക്കാന്‍ ബാക്കി തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രാമനാട്ടുകര, തൊണ്ടയാട് മേല്‍പാലത്തിന്  തുക അനുവദിക്കും. മരാമത്ത് വകുപ്പിന് കീഴില്‍ 14 ജില്ലകളിലായി ആരംഭിക്കുന്ന ഡിസ്ട്രിക്ട് ഫ്ളാറ്റ്ഷിപ് പദ്ധതിക്ക് തുക അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അടുത്ത വിവരസാങ്കേതികവിദ്യാ കേന്ദ്രം കോഴിക്കോട്ടായിരിക്കുമെന്നും സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം ഉടനുണ്ടാകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൈബര്‍ പാര്‍ക്ക് റോഡിനാവശ്യമായ ഭൂമി പ്രശ്നം പരിഹരിക്കാന്‍ മന്ത്രി മുനീറിനോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്താദ്യമായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന ദേശീയപാത ബൈപാസാണിത്. സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 152.75 കോടി  ചെലവില്‍ വെങ്ങളം മുതല്‍ ഇടിമൂഴിക്കല്‍ വരെയുള്ള 28.1 കിലോമീറ്ററാണ് പൂര്‍ത്തിയായത്. ബൈപാസ് യാഥാര്‍ഥ്യമായതോടെ സംസ്ഥാനത്തിന്‍െറ വടക്കന്‍ ജില്ലകളില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലത്തൊം. സമയ ലാഭത്തിനൊപ്പം ഇന്ധനവും നാലു കിലോമീറ്ററോളം ദൂരവും ലാഭിക്കാം. കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിനും കോരപ്പുഴ പാലത്തിലെ ഗതാഗതക്കുരുക്കിനും അറുതിയാകും. ബൈപാസിന്‍െറ അവസാനഘട്ട റീച്ച് 5.1 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കാന്‍ 24 മാസം കാലാവധി നല്‍കിയ പ്രവൃത്തി 16 മാസംകൊണ്ടാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പൂര്‍ത്തിയാക്കിയത്. ഇതിന് ജീവനക്കാര്‍ക്ക് ഗുഡ് സര്‍വിസ് എന്‍ട്രി വിതരണവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.കെ. മുനീര്‍, എം.പിമാരായ എം.കെ. രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.