സ്നേഹ വത്സല

ഭാരതത്തിന്‍െറ നൃത്തപാരമ്പര്യത്തിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു അന്തരിച്ച വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായി. അവരോടൊപ്പം അമ്പതിലധികം രാജ്യങ്ങളില്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നിരവധി ശാസ്ത്രീയ കൃതികളെ നൃത്തത്തിന്‍െറ ഭാഷയിലൂടെ അവര്‍ പുനരവതരിപ്പിച്ചു. ഭാരതസംസ്കാരത്തെക്കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്ന മൃണാളിനി സംസ്കൃത കാവ്യങ്ങളെയും നാടകങ്ങളെയും അവലംബിച്ചും നൃത്താവതരണം നടത്തി. 1972ലാണ്  മൃണാളിനിയെ പരിചയപ്പെടുന്നത്. രാഷ്ട്രപതി ഭവനില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട വേദിയില്‍ ഭഗവദ് ഗീതയെ ആസ്പദമാക്കിയുള്ള കഥകളി അവതരിപ്പിക്കുകയായിരുന്നു ഞാന്‍. വേദിയിലെ പ്രകടനത്തിന് ശേഷം നേരിട്ടത്തെിയ മൃണാളിനി എന്‍െറ കൈപിടിച്ച് പറഞ്ഞു, അസ്സലായിട്ടോ. പിന്നീട് നാല് ദശകങ്ങള്‍ ആ മഹതിക്കൊപ്പം കലാസപര്യയില്‍ മുഴുകാന്‍ സാധിച്ചു.

18 വയസ്സായിരുന്നു അന്നെനിക്ക്. എന്‍െറ കഴിവുകള്‍ മനസ്സിലാക്കിയ മൃണാളിനി അഹ്മദാബാദിലേക്ക് ക്ഷണിക്കുകയും ടിക്കറ്റ് അയച്ചുതരികയും ചെയ്തു. പിന്നീട് ദര്‍പ്പണ അക്കാദമി പെര്‍ഫോമിങ് ആര്‍ട്സില്‍ അവരുടെ ശിഷ്യത്വം സ്വീകരിച്ചു. ആഫ്രോ ഏഷ്യന്‍ ഫെസ്റ്റിവെലില്‍ ആദ്യ നൃത്തം. രാധയും കൃഷ്ണനുമായിട്ടായിരുന്നു ഞങ്ങള്‍ ചുവടുവെച്ചത്. 45 രാജ്യങ്ങളില്‍ 50ല്‍പരം വേദികളില്‍ ഇരുവരും നൃത്തരൂപങ്ങള്‍ക്ക് ഭാവം നല്‍കി. മകള്‍ മല്ലിക സാരാഭായി, ചെറുമകള്‍ അനാഹിത സാരാഭായി എന്നിങ്ങനെ മൂന്നു തലമുറക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞുവെന്നതും അഭിമാനത്തോടെ ഓര്‍ക്കുകയാണ്.

സബര്‍മതിയുടെ തീരത്ത് ദക്ഷിണേന്ത്യന്‍ കലകളെ കേരളീയ ശൈലിയില്‍ അവതരിപ്പിക്കാന്‍ മലയാളത്തിന്‍െറ മകള്‍ക്ക് കഴിഞ്ഞുവെന്നത് മഹത്വമാണ്. വേദിയില്‍ കഥക്ക് അനുയോജ്യമായ വസ്ത്രങ്ങളണിഞ്ഞ് കഥാപാത്രങ്ങളുമായി അലിഞ്ഞുചേരുകയായിരുന്നു അവര്‍. അഭിനന്ദിക്കാന്‍ ഒരിക്കലും ആ ഗുരുനാഥ പിശുക്ക് കാണിക്കാറില്ല. തുറന്ന ഹൃദയവും സമീപനവും ആയിരുന്നു അവരുടെ ഏറ്റവും വലിയ സവിശേഷത. ഒരു നാട്ടിന്‍പുറത്തുകാരനായ എനിക്ക് സംസ്കാരം, ഭാഷ, ജീവിതം എന്നിവ പഠിപ്പിച്ചുതന്നത് വളര്‍ത്തമ്മകൂടിയായ സാരാഭായി ആയിരുന്നു. വിദേശ രാജ്യങ്ങളില്‍ വേദി പങ്കിട്ട തനിക്ക് അവിടത്തെ ഭാഷയും സംസ്കാരങ്ങളും ഒരു അധ്യാപിക എന്നപ്പോലെ പഠിപ്പിച്ചുതന്നു.

1988 മോസ്കോയില്‍ വേദിയില്‍ തളര്‍ന്നുവീണപ്പോള്‍ മാതൃ വാത്സല്യത്തോടെ പരിചരിക്കാനും മറ്റും സദാസമയവുമുണ്ടായിരുന്നത് ഒരിക്കലും മറക്കാനാകില്ല. തുടര്‍ ചികിത്സക്കായി ജപ്പാനിലേക്ക് കൊണ്ടുപോയത് ഇവരായിരുന്നു. 2010ലാണ് ഞാന്‍ കോട്ടക്കലിലേക്ക് തിരിച്ചത്തെുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടക്കല്‍ മൈത്രീ ഭവനിലെ എന്‍െറ ‘മാധവം’ വീട്ടിലേക്ക് പടികടന്നത്തെിയത് ഈ നിമിഷത്തിലും ഓര്‍ക്കുന്നു. ഒരു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. ഭാര്യ വസന്ത ഉണ്ടാക്കിക്കൊടുത്തിരുന്ന കേരളീയ ഭക്ഷണങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു. മനസ്സില്‍ മാത്രമല്ല അമ്മയുള്ളത്, മുറിയിലും പൂജാമുറിയിലും അമ്മയോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഞാന്‍ സൂക്ഷിച്ചിരിക്കുകയാണ്.

മനസ്സിലുള്ളത് മൃണാളിനി സാരാഭായിയുടെ നൃത്തരൂപവും ചടുലഭാവങ്ങളുമാണ്. ആ ഓര്‍മകളാണ് എന്‍െറ ജീവിത്തിന്‍െറ ബാക്കിപത്രം.  ശരീരവും മനസ്സും ചിന്തയും നൃത്തത്തിനായി സമര്‍പ്പിച്ച ഒരു സമര്‍പ്പിത ജീവിതം ഇല്ലാതായി. ഇനി അവര്‍ തെളിയിച്ച ദീപനാളങ്ങള്‍ പുതുതലമുറയിലെ കലാകാരന്മാര്‍ ഏറ്റുവാങ്ങട്ടെ!

തയാറാക്കിയത്: പ്രമേഷ് കൃഷ്ണ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.