വരുമാനത്തിന്‍െറ 80 ശതമാനവും ഇനി ശമ്പളത്തിനും പെന്‍ഷനും പലിശക്കും

തിരുവനന്തപുരം:  സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുന്നതോടെ സംസ്ഥാനത്തിന്‍െറ റവന്യൂവരുമാനത്തില്‍ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനും പലിശക്കുമായി ചെലവിടേണ്ടിവരും. നിലവില്‍ 61മുതല്‍ 65 ശതമാനം വരെയാണ് ഈ ചെലവുകള്‍ക്കായി വിനിയോഗിക്കുന്നതെന്ന് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം പറഞ്ഞു.  ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് 7222 കോടിയുടെ അധികബാധ്യതയാണ് ഉണ്ടാകുക. ശമ്പള കമീഷന്‍ കണക്കാക്കിയ ബാധ്യത 5277 കോടി രൂപയായിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്കരണ കമീഷന്‍ അധികബാധ്യതയായി കണക്കാക്കിയിരുന്നത് 1965 കോടിയായിരുന്നെങ്കിലും യഥാര്‍ഥ അധികബാധ്യത 4377 കോടിയായി. എട്ടാം ശമ്പള പരിഷ്കരണത്തില്‍ രണ്ടിരട്ടിയും ഏഴാം പരിഷ്കരണത്തില്‍ 1.92 ഇരട്ടിയുമായിരുന്നു അധിക ബാധ്യത. മുന്‍പരിഷ്കരണങ്ങളിലെ വര്‍ധനയുടെ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്കരണത്തിന്‍െറ ബാധ്യത 10,767 കോടി രൂപ ആകുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ധനകാര്യ വകുപ്പിന്‍െറ സൂക്ഷ്മപരിശോധനയില്‍ ശമ്പളപരിഷ്കരണത്തിന്‍െറ അധികബാധ്യത 8122 കോടി ആകുമെന്നാണ് വിലയിരുത്തല്‍.
ശമ്പള കമീഷന്‍ ശിപാര്‍ശ  മാറ്റങ്ങളോടെ നടപ്പാക്കുന്നതിനാല്‍  അധികബാധ്യത തോതില്‍ 900 കോടിയുടെ കുറവ് വന്നു. ജീവനക്കാര്‍ക്കാര്‍ക്കും ഇപ്പോള്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവുവരില്ല. ജീവനക്കാരുടെ ആനുകൂല്യം കടുത്ത സാമ്പത്തിക ബാധ്യതയിലും സമയബന്ധിതമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദിവസവേതനക്കാര്‍ക്കും ശമ്പളം ഉയരും
ദിവസവേതനക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിക്കാനും ക്ഷാമബത്താ വര്‍ധനയുടെ ആനുകൂല്യം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പാര്‍ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8,200 രൂപയായും(നിലവില്‍ 4,250) ഉയര്‍ന്നത് 16,460 (നിലവില്‍ 8,400) രൂപയായും വര്‍ധിപ്പിക്കും.
ദിവസവേതനക്കാര്‍ക്ക് അവര്‍ ജോലിചെയ്യുന്ന തസ്തികയിലെ ശമ്പള സ്കെയിലിന്‍െറ മിനിമത്തെ 25 (ദിവസം) കൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്ന തുക നിശ്ചയിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ക്ഷാമബത്തയുടെ കൂടി ആനുകൂല്യം ലഭ്യമാവുംവിധം എല്ലാ വര്‍ഷവും ഇവരുടെ വേതനം പുതുക്കി നിശ്ചയിക്കും. ഇക്കൊല്ലം ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇതിന് പ്രാബല്യം. ദിവസവേതനക്കാര്‍ക്കും കാലാനുസൃത വേതന വര്‍ധന ലഭിക്കുന്നെന്നതാണ് ഇതിന്‍െറ പ്രത്യേകത. 100 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള സര്‍ക്കാര്‍ ഓഫിസുകളിലെ കാഷ്വല്‍ സ്വീപ്പര്‍മാരുടെ ശമ്പളം 4,000 രൂപയില്‍നിന്ന് 6,000 ആയി ഉയര്‍ത്തും. 5,000 രൂപയാണ് ഇവര്‍ക്ക് കമീഷന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ 6,000 ആയി വര്‍ധിപ്പിക്കുകയായിരുന്നു.

കാര്യക്ഷമത: കമീഷന്‍ ശിപാര്‍ശകള്‍ സമിതിക്കുവിട്ട് സര്‍ക്കാര്‍ തടിയൂരി
ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറക്കുന്നതിനും ശമ്പള കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകളില്‍ തീരുമാനമെടുക്കാതെ സെക്രട്ടറിതല സമിതിക്ക് വിട്ട് സര്‍ക്കാര്‍ തടിയൂരി. ജീവനക്കാരുടെ അനിഷ്ടം വാങ്ങേണ്ടതില്ളെന്ന് തീരുമാനിച്ച സര്‍ക്കാര്‍, കടുത്ത തീരുമാനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തി സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. ഇതോടെ ശിപാര്‍ശക്ക് മുന്‍ റിപ്പോര്‍ട്ടുകളുടെ ഗതിതന്നെ സംഭവിക്കുമെന്ന്  ഉറപ്പായി.നിര്‍ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ധനകാര്യ, ആഭ്യന്തര, അഡീഷനല്‍ സെക്രട്ടറിമാരും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, എക്സ്പെന്‍റിച്ചര്‍, പൊതുഭരണ സെക്രട്ടറിമാരുമാണ്  സമിതിയില്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ പിണക്കാതെ വിവാദവിഷയങ്ങള്‍ അടുത്ത സര്‍ക്കാറിന് വിടുകയാണ് .
രണ്ട് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകില്ളെന്നും തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ വരുന്ന സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണിതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. ജീവനക്കാരുടെ ശമ്പളം ഹാജര്‍ അടിസ്ഥാനത്തിലും സ്ഥാനക്കയറ്റം കാര്യക്ഷമത വിലയിരുത്തിയുമാകണമെന്നും പൊതുഅവധികള്‍ വെട്ടിക്കുറക്കണമെന്നും കമീഷന്‍ രണ്ടാമത് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. പെന്‍ഷന്‍ പ്രായം 58 ആക്കാനും ശമ്പളപരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലാക്കാനുമാണ് ആദ്യ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. ജീവനക്കാരുടെ പ്രവര്‍ത്തനം പ്രതിമാസം വിലയിരുത്തുക, അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ സെക്രട്ടേറിയറ്റിനെയും ഉള്‍പ്പെടുത്തുക, അനാവശ്യ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക എന്നി നിര്‍ദേശങ്ങള്‍  മുന്നോട്ടുവെച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.