ബസ് യാത്രക്കൂലിയില്‍ തീവെട്ടിക്കൊള്ള

കോട്ടയം: ഡീസല്‍വില കുത്തനെ കുറഞ്ഞിട്ടും യാത്രക്കൂലിയില്‍ കൊള്ള തുടരുന്നു. ഇന്ധന വിലവര്‍ധനയുടെ പേരില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജും ചരക്കുകൂലിയും ഡീസല്‍വില കുത്തനെ ഇടിഞ്ഞിട്ടും കുറക്കുന്നത് പോയിട്ട് ചര്‍ച്ച ചെയ്യാന്‍പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. നേരത്തേ ഡീസലിന് അഞ്ചു രൂപയോളം കുറഞ്ഞഘട്ടത്തില്‍ ചാര്‍ജ് കുറക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സ്വകാര്യ ബസ് ലോബി ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ 14.64 രൂപ കുറഞ്ഞിട്ടും മിനിമം ചാര്‍ജിലോ കി.മീ നിരക്കിലോ കുറവു വരുത്താന്‍ സര്‍ക്കാര്‍ തയാറല്ല. ബസ്ചാര്‍ജ് കുറച്ചാല്‍ സ്വകാര്യ വാഹനങ്ങളുടെ ആധിക്യം കുറക്കാമെന്ന് ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.  

2014 മേയ് 13ന് ഡീസല്‍വില ലിറ്ററിന് 60.88 രൂപയായി ഉയര്‍ന്നതിന്‍െറ പേരില്‍ 2014 മേയ് 20 മുതലാണ് യാത്രാനിരക്ക് ഏഴു രൂപയാക്കിയത്. ഇന്ധനവില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എപ്പോഴും ബസ് നിരക്ക് കൂട്ടാനാകില്ളെന്നും അതിനാല്‍ ഭാവിയിലുണ്ടാകാവുന്ന വിലവര്‍ധനകൂടി കണക്കിലെടുത്താണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്നുമായിരുന്നു വിശദീകരിച്ചിരുന്നത്. അതായത്, യഥാര്‍ഥത്തില്‍ വരുത്തേണ്ടതിലും കൂടിയനിരക്കാണ് അന്നുതന്നെ ചുമത്തിയത്. 2014 ആഗസ്റ്റ്  31ന് ഡീസല്‍വില  63.32 രൂപവരെ ഉയര്‍ന്നെങ്കിലും തുടര്‍ന്ന് കുറയുകയായിരുന്നു. നിലവില്‍ ഒരു ലിറ്റര്‍ ഡീസലിന് 48.68 രൂപയാണ് തിരുവനന്തപുരത്തെ വില. കഴിഞ്ഞ മേയ് 16ന് 59.33 രൂപയായതാണ് ഇതിനിടയിലുണ്ടായ ഏറ്റവും ഉയര്‍ന്നവില. പക്ഷേ, ആഗസ്റ്റ് ഒന്നായപ്പോള്‍ വില 50.62 രൂപയായി താഴ്ന്നു. പ്രതിദിനം 100 ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന ബസിന് ഡീസല്‍ വിലയിടിവുകൊണ്ടുമാത്രം 1450 രൂപ അധികലാഭം കിട്ടുന്നുണ്ട്. നിലവിലെ ലാഭം 1500 മുതല്‍ മുകളിലേക്കാണ്. പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഏകദേശം 65 ലക്ഷം രൂപയും ഒരു ദിവസം ഈയിനത്തില്‍ ലാഭമാണ്.  

2012 നവംബര്‍ രണ്ടാംവാരത്തിലാണ് ബസ് യാത്രക്കൂലി അഞ്ചു രൂപയില്‍നിന്ന് ആറു രൂപയാക്കിയത്. 50.93 ആയിരുന്നു അന്ന് ഡീസല്‍ വില. യാത്ര-ചരക്കുകൂലി നിശ്ചയിക്കാന്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. സര്‍ക്കാറിന് കീഴിലുള്ള നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ് ആന്‍ഡ് റിസര്‍ച് സെന്‍ററിന്‍െറ (നാറ്റ്പാക്) കണക്കുകള്‍ ആശ്രയിച്ചാണ് സമിതി കൂലി നിശ്ചയിക്കുന്നത്. വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കാന്‍ പ്രാകൃതരീതിയാണ് നാറ്റ്പാക് പിന്തുടരുന്നത്.

വര്‍ഷംതോറും എന്‍ജിനും ഗിയര്‍ബോക്സും മാറണമെന്ന നിലയില്‍ കണക്കുണ്ടാക്കിയാണ് സ്വകാര്യ ബസ് ലോബിക്കുവേണ്ട ചെലവ് കണക്കാക്കിയത്. 2014 സെപ്റ്റംബറില്‍ ഒരു കി.മീ സര്‍വിസ് നടത്താന്‍ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ക്കുവേണ്ടിവരുന്ന ചെലവ് നാറ്റ്പാക് കണക്കാക്കിയത് ഇങ്ങനെയാണ്. ഡീസല്‍ 18.08 രൂപ, മറ്റ് ഘടകങ്ങള്‍ 3.18, അറ്റകുറ്റപ്പണിക്കുള്ള കൂലി 1.73 ഇവ ഉള്‍പ്പെടുന്ന വേരിയബ്ള്‍ കോസ്റ്റ് 22.99, ശമ്പളവും നികുതിയും അടക്കമുള്ള ഫിക്സഡ് കോസ്റ്റ് 14.30. മൊത്തം ചെലവ് 37.29 രൂപ. ഇത് അടിസ്ഥാനപ്പെടുത്തി 2014 മേയ് 20 മുതല്‍ ഓര്‍ഡിനറി സര്‍വിസിന് മിനിമം ചാര്‍ജ് ആറു രൂപയില്‍നിന്ന് ഏഴാക്കി. കി.മീ ചാര്‍ജ് 58 പൈസയില്‍നിന്ന് 64 പൈസയാക്കി. ഇന്ധന വിലവര്‍ധന നിലനില്‍പിനെ ബാധിക്കുന്നു എന്ന് മുറവിളികൂട്ടിയ ബസുടമകള്‍ ഇപ്പോള്‍ തകിടംമറിഞ്ഞിരിക്കുകയാണ്. ചെലവില്‍ ഡീസലിന്‍െറ പങ്ക് 40 ശതമാനം മാത്രമാണെന്നാണ് പറയുന്നത്. ഒരു സീറ്റിന് പ്രതിവര്‍ഷം 2760 രൂപ നികുതി നല്‍കുന്നുണ്ടെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് പുതിയ വാദം.

കെ.എസ്.ആര്‍.ടി.സി സെസും പിന്‍വലിച്ചില്ല
ഇന്ധനവിലയിലെ വന്‍കുറവ് കോടികളുടെ ലാഭം നല്‍കുമ്പോഴും പെന്‍ഷന്‍ഫണ്ടിന് കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയ സെസ് തുടരുകയാണ്. യാത്രക്കാരുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷക്ക് എന്നപേരിലാണ് 2015 ഏപ്രില്‍ മുതല്‍ 14 രൂപക്ക് മുകളിലുള്ള ടിക്കറ്റുകളില്‍ സെസ് ചുമത്തിയത്. ഇതനുസരിച്ച് 15 മുതല്‍ 24 രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ. 25 മുതല്‍ 49വരെ രണ്ടു രൂപ, 50 മുതല്‍ 74വരെ മൂന്നു രൂപ, 75 മുതല്‍ 99വരെ നാലു രൂപ, 100ന് മുകളില്‍ 10 രൂപ എന്നിങ്ങനെയാണ് സെസ്. ഇത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രമാണ് ബാധകം. ഇതുവഴി സ്വകാര്യ ബസുകള്‍ക്ക് ആളെ കൂട്ടുകയായിരുന്നു ലക്ഷ്യമെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വന്‍ കുറവുണ്ടാകുകയും ചെയ്തു. നിലവില്‍ ഇന്‍ഷുറന്‍സിനെന്ന പേരില്‍ 25 രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ അധികമായി ഈടാക്കുമ്പോള്‍തന്നെയാണ് സെസും ഈടാക്കുന്നത്. സെസിന് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് അംഗീകാരംനേടിയിരുന്നു. വാഹന ഉടമ എന്നപേരില്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തേണ്ട നിയമാനുസൃത ഇന്‍ഷുറന്‍സിന് പുറമേ പ്രത്യേകപദ്ധതി നടപ്പാക്കുമെന്നായിരുന്നു വിശദീകരണം. ഇന്‍ഷുറന്‍സ് പ്രീമിയവിഹിതമാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. സ്വകാര്യ ബസുകളെ അപേക്ഷിച്ച് 15 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ പണം നല്‍കേണ്ട സ്ഥിതിയാണ്.

പെര്‍മിറ്റില്ലാതെ സ്വകാര്യ സൂപ്പര്‍ തട്ടിപ്പ്
സൂപ്പര്‍ ക്ളാസ് ദേശസാത്കരണ ഭാഗമായി കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത റൂട്ടുകളില്‍ പെര്‍മിറ്റില്ലാതെ സ്വകാര്യ സൂപ്പര്‍ക്ളാസുകള്‍ ഓടിച്ച് തട്ടിപ്പ്. മധ്യകേരളത്തില്‍നിന്ന് മലബാറിലേക്ക് രാത്രി സര്‍വിസ് നടത്തുന്ന ബസുകളാണ് ജനത്തെ കൊള്ളയടിക്കുന്നത്. കുമളി-കൊന്നക്കാട്, കോട്ടയം-പാലാ-പാണത്തൂര്‍, മുണ്ടക്കയം പാണത്തൂര്‍, കട്ടപ്പന-തളിപ്പറമ്പ്, കോട്ടയം-പഞ്ചിക്കല്‍, ഇളംകാട്-പാണത്തൂര്‍ റൂട്ടുകളില്‍  ബസുകള്‍ ഓടുന്നുണ്ട്. ഏറ്റെടുത്ത സ്വകാര്യ സൂപ്പറുകള്‍ക്ക് സമാന്തരമായി ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ഓടിക്കാന്‍ സമ്മര്‍ദഫലമായി  സ്വകാര്യ ബസുടമകള്‍ക്ക് ഗതാഗതവകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിന്‍െറ മറപിടിച്ചാണ് ക്രമക്കേട്.

അത്യാധുനിക ബസുകള്‍ ഉപയോഗിച്ചാണ് സര്‍വിസ്. ഉന്നത രാഷ്ട്രീയബന്ധമുള്ളവരാണ് ഉടമകള്‍. ഏറ്റെടുത്ത റൂട്ടുകളില്‍ ബസ് ഓടിക്കാതെയും വഴിമാറിയും കെ.എസ്.ആര്‍.ടി.സിയും സഹായിക്കുന്നു. 241 സ്വകാര്യ സൂപ്പറുകളില്‍ ആദ്യം ഏറ്റെടുത്ത ഇളംകാട്-പാണത്തൂര്‍ റൂട്ടിലാണ്  സഹായം കൂടുതല്‍. സ്വകാര്യ ബസ് വൈകീട്ട് 6.15ന് പാലാ-ഗുരുവായൂര്‍-എറണാകുളം വഴി സര്‍വിസ് ആരംഭിക്കുമ്പോള്‍ ഇതേസമയം ഓടേണ്ട കെ.എസ്.ആര്‍.ടി.സി മൂന്നു മണിക്കൂര്‍ മുമ്പ് 3.15ന് എം.സി റോഡ് വഴി പാണത്തൂരിന് പോകും. തിരിച്ചും  ഇതേരീതി തുടരുമ്പോള്‍ പതിനായിരങ്ങളുടെ നഷ്ടം ഈ ഒരു സര്‍വിസ് വഴി മാത്രം കോര്‍പറേഷനുണ്ടാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.