ഗസല്‍നിലാമഴയായി ഗുലാം അലി പാടി

കോഴിക്കോട്: അസഹിഷ്ണുതയുടെ മേഘപാളികള്‍ ഉരുണ്ടുകൂടിയപ്പോള്‍ ഘനീഭവിച്ച അസ്വാരസ്യത്തിന്‍െറ ഉഷ്ണക്കാറ്റിലേക്ക് പെയ്തിറങ്ങിയ ഗസല്‍ നിലാവില്‍ സത്യത്തിന്‍െറ തുറമുഖം പൂത്തുലഞ്ഞു. സ്വപ്നനഗരിയില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ അതിരുകളില്ലാത്ത സ്നേഹത്തിന്‍െറ ഗായകന്‍ ഒരിക്കല്‍കൂടി പാടിയപ്പോള്‍ സ്നേഹത്തിന്‍െറ നഗരം അതേറ്റുപാടി. കനത്ത പൊലീസ് സുരക്ഷയില്‍ വൈകീട്ട് നാലരയോടെ ഒഴുകിയത്തെിയ ജനങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ഗസല്‍രാവിന്‍െറ നിലാമഴ. പ്രണയത്തിന്‍െറയും വിരഹത്തിന്‍െറയും ഗൃഹാതുരതയുടെയും പതിവ് ഗസല്‍ ശൈലിയില്‍നിന്ന് വിഭിന്നമായി ഗുലാം അലിയുടെ ശരീരഭാഷക്ക് മാത്രമല്ല ഗാനാവതരണത്തിനും പ്രതിരോധത്തിന്‍െറ രാഷ്ട്രീയമായിരുന്നു. ഗുലാം അലി ചിട്ടപ്പെടുത്തിയ ‘പിയാ ബിന്‍ ആയാ ചാന്ദ് നിരാദ്...’ എന്ന ഗസല്‍ ആലപിച്ച് പണ്ഡിറ്റ് വിശ്വനാഥാണ് ചാന്ദ്നീരാതിന് തുടക്കംകുറിച്ചത്. ഗുലാമിന്‍െറ സ്വരത്തിനായി കാത്തിരുന്ന നിറഞ്ഞ സദസ്സിനോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ടായിരുന്നു ഹര്‍ഷാരവങ്ങള്‍ക്കായി. ഏഴരയോടെ തന്‍െറ ഹാര്‍മോണിയത്തില്‍ ശ്രുതിമീട്ടി തുടങ്ങിയ ഗുലാം സാഹിബിനെ കോഴിക്കോട് ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. ‘ദില്‍ കി ജോ തുംനെ കഭീ...’ എന്ന ഗസലോടെ ആ സ്വരമാധുരി ഉയര്‍ന്നപ്പോള്‍ ഹിന്ദുസ്ഥാനിയുടെ സ്നേഹഭൂമിക നെഞ്ചേറ്റി. ‘ഹം തേരേ ഷഹര്‍ മേ ആയേ ഹെ, മുസാഫിര്‍ കി തരഹ്...’ എന്ന ഗസല്‍ അതിര്‍ത്തികളില്ലാത്ത സംഗീതത്തിന്‍െറ രാഷ്ട്രീയമായി. ‘മെ നസര്‍സേ ബീ തക്...’, ‘ദില്‍ മെ ഏക് ലഹര്സെ ഉഠീഹെ അഭീ...’ ‘കല്‍ ജോതു വീ കിത്നീ...’ തുടങ്ങിയ ഗസലുകളും അദ്ദേഹം ആലപിച്ചു. ‘ചുപ്കെ ചുപ്കെ രാത് ദിന്‍ ആര്‍സു ബഹാനാ യാദ് ഹെ’ എന്ന ഗാനം ഗുലാം അലിയും മകനും ചേര്‍ന്നാണ് ആലപിച്ചത്. മതത്തിനും ഭാഷക്കും ദേശത്തിനുമപ്പുറം സദസ്സിലെ ആയിരങ്ങളെ സംഗീതത്തില്‍ ഒരുമിപ്പിക്കുകയായിരുന്നു ഗുലാം അലി. സഹഗായകനായി പണ്ഡിറ്റ് വിശ്വനാഥും ഗുലാം അലിയുടെ മകന്‍ ആമിര്‍ അലിയുമടക്കം വേദിയിലുണ്ടായിരുന്നു.

വൈകീട്ട് ഏഴരയോടെയാണ് ഗുലാം അലി വേദിയിലത്തെിയത്. പ്രമുഖസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സ്വാഗതഗാനം ആലപിച്ചു. മന്ത്രിമാരായ എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, എം.എ. ബേബി എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഗുലാം അലിക്ക് ആറന്മുള കണ്ണാടി ഉപഹാരമായി നല്‍കി. ഗുലാം അലി ചിട്ടപ്പെടുത്തിയ പഴയ ഗ്രാമഫോണ്‍ റെക്കോഡ് മേയര്‍ വി.കെ.സി. മമ്മത്കോയ കോഴിക്കോടിന്‍െറ ഉപഹാരമായി നല്‍കി. എം.കെ. രാഘവന്‍ എം.പി പൊന്നാട അണിയിച്ചു.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.