വീടുകള്‍ക്ക് സൗജന്യ നിരക്കില്‍ രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍



തിരുവനനന്തപുരം: എല്ലാ വീടുകള്‍ക്കും സൗജന്യനിരക്കില്‍ രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ വീതം നല്‍കും. ലാഭപ്രഭ പദ്ധതിയുടെ മൂന്നാം സീസണ്‍ ഇതിലൂടെ ആരംഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് വാട്ടിന്‍െറ 400 രൂപ വിലയുള്ള ബള്‍ബ് 95 രൂപക്കാണ് നല്‍കുക. ഈ തുക ഒരുമിച്ചോ ദൈ്വമാസ ബില്ലില്‍ കൂടി ആറു തവണയായോ നല്‍കാം. 150 കോടി വരുന്ന പദ്ധതി വഴി വര്‍ഷം 400 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ലാഭവും പീക്ക് സമയത്തെ ആവശ്യകതയില്‍ 350 മെഗാവാട്ടിന്‍െറ കുറവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം  പറഞ്ഞു. 
ബള്‍ബുകള്‍ക്ക് മൂന്ന് വര്‍ഷത്തെ വാറന്‍റിയുണ്ടാകും.1000 വാട്ട്സില്‍ താഴെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂനിറ്റില്‍ താഴെ വൈദ്യുതി ഉപയോഗവുമുള്ള ആറുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ബള്‍ബുകള്‍ സൗജന്യമായി നല്‍കും. രണ്ടില്‍ കൂടുതല്‍ ബള്‍ബുകള്‍ വേണമെങ്കില്‍ അതും നല്‍കും. ഈ മാസം അവസാന ആഴ്ച മുതല്‍ ബള്‍ബുകള്‍ വിതരണം ചെയ്യും. ഒരു മാസം 25 ലക്ഷം വീതം മേയ്-ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഫെബ്രുവരി മുതല്‍ നല്‍കുന്ന ബില്ലില്‍ ബള്‍ബ് വിതരണം ചെയ്യുന്ന അറിയിപ്പ് നല്‍കും. ഓണ്‍ലൈനായി ബില്‍ തുക നല്‍കുന്നവര്‍ക്ക് അതിലൂടെതന്നെ ബുക് ചെയ്യാനാവും.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) ആണ് എല്‍.ഇ.ഡി ബള്‍ബുകള്‍ വാങ്ങി കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. 
പദ്ധതിയുടെ നേട്ടം വിലയിരുത്തിയശേഷം ലാഭപ്രഭയുടെ നാലാം സീസണായി വീടുകളിലെ പഴയ വൈദ്യുത ഉപകരണങ്ങള്‍ മാറ്റി പുതിയവ  നല്‍കുന്ന പദ്ധതി പരിഗണിക്കും. ഇതിന്‍െറ മുന്നോടിയായി ഉപഭോക്തൃ സര്‍വേ മലപ്പുറം ജില്ലയില്‍ നടത്തിയിരുന്നു. ഇതിലെ  വിവരങ്ങള്‍ ക്രോഡീകരിച്ചുവരുകയണ്. ഡൊമസ്റ്റിക് എഫിഷ്യന്‍റ് ലൈറ്റിങ് പ്രോഗ്രാം (ഡെല്‍പ്) എന്ന കേന്ദ്ര പദ്ധതിയുടെ മാതൃകയിലാണ് ഇതു നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.