ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലെന്ന ശിപാര്‍ശ നടപ്പാക്കില്ല

തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന 10ാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കില്ളെന്നറിയുന്നു.
പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 58 വയസ്സാക്കണമെന്ന നിര്‍ദേശവും അംഗീകരിക്കില്ല. ശമ്പള-പെന്‍ഷന്‍ പരിഷ്കരണം അംഗീകരിച്ച് ജനുവരിയില്‍തന്നെ ഉത്തരവ് പുറപ്പെടുവിക്കാനും ധാരണയായി. എന്നാല്‍, ശിപാര്‍ശ ചെയ്ത നിരക്കില്‍ പരിഷ്കരണം നടപ്പാക്കരുതെന്നും നടപ്പാക്കിയാല്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകുമെന്നുമാണ് ധനവകുപ്പിന്‍െറ നിലപാട്.10 വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരണം മതിയെന്ന നിര്‍ദേശം തള്ളരുതെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാറിന് വിശദമായ കുറിപ്പ് ധനവകുപ്പ് നല്‍കും.
എന്നാല്‍, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ജീവനക്കാരെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് സര്‍ക്കാറിന്. ശമ്പള പരിഷ്കരണം നടപ്പാക്കുകയും അവര്‍ എതിര്‍ക്കുന്ന നിര്‍ദേശങ്ങളില്‍ തീരുമാനം എടുക്കാതെയും മുന്നോട്ടു പോകാനാണ് ആലോചന.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും എതിര്‍പ്പ് വാങ്ങേണ്ടതില്ല. അന്തിമ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷന്‍ നല്‍കിയ ശിപാര്‍ശകള്‍ ജീവനക്കാരുമായി ചര്‍ച്ച ചെയ്തേ നടപ്പാക്കൂ എന്ന നിലപാടും കൈക്കൊള്ളും. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മന്ത്രിസഭാ ഉപസമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
ശമ്പള പരിഷ്കരണം നടപ്പാക്കിയാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. മാസത്തില്‍ ദിവസങ്ങളോളം ട്രഷറി പൂട്ടിയിടേണ്ട സ്ഥിതി വരുമെന്നും പരിഷ്കരണം നടപ്പാക്കിയാല്‍ ഈ വര്‍ഷംതന്നെ ട്രഷറി പൂട്ടുന്ന സ്ഥിതി വരുമെന്നും ഇവര്‍  മുന്നറിയിപ്പ് നല്‍കുന്നു. ശമ്പള പരിഷ്കരണം 5277 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നായിരുന്നു ശമ്പള കമീഷന്‍ നിഗമനം. എന്നാല്‍, ഇതു ശരിയല്ളെന്നും റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 7800 കോടിയുടെ അധിക ബാധ്യത വരുമെന്നുമാണ് ധനവകുപ്പ് പറയുന്നത്.
2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനാണ് നിര്‍ദേശം.
കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയുമാക്കുക, 12 ശതമാനം ഫിറ്റ്മെന്‍റ്, ഓരോ വര്‍ഷത്തിനും അര ശതമാനം വെയിറ്റേജ്, 80  ശതമാനം ക്ഷമബത്ത ശമ്പളത്തില്‍ ലയിപ്പിക്കല്‍ എന്നിവ നിര്‍ദേശിച്ച കമീഷന്‍ വീട്ടുവാടക അലവന്‍സ്, നഗരബത്ത എന്നിവയെല്ലാം വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു. ഇതോടൊപ്പമാണ് ശമ്പള പരിഷ്കരണം10 വര്‍ഷത്തിലാക്കാനും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും ശിപാര്‍ശ നല്‍കിയത്. ഫുള്‍പെന്‍ഷന് കാലാവധി 25 വര്‍ഷമായി കുറയ്ക്കാനും നിര്‍ദേശമുണ്ട്. സര്‍വിസ് പരിഷ്കരണം സംബന്ധിച്ച നിര്‍ദേശമാണ് രണ്ടാം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ശമ്പളം ഹാജറുമായി ബന്ധപ്പെടുത്താനും അവധികള്‍ കുറയ്ക്കാനും അനാദായ സ്കൂളുകള്‍ സംയോജിപ്പിക്കാനും അടക്കം സുപ്രധാന നിര്‍ദേശങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇവ പരിശോധിക്കാന്‍ സമയമില്ലാത്തതിനാല്‍ അതുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ഒപ്പം നടപ്പാക്കണമെന്ന അഭിപ്രായം ധനവകുപ്പിനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.