വി.എസും പിണറായിയും മത്സരിക്കും; തീരുമാനം ബുധനാഴ്ച

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനെയും  പിണറായി വിജയനെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ബുധനാഴ്ച തീരുമാനം എടുക്കും. രണ്ടു പേരും മത്സരിക്കണമെന്നാണ് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇരുവരും മത്സരിക്കണമെന്ന തീരുമാനം അംഗീകരിക്കും. അത് ബുധനാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് വിടും.

സംഘടനാപരമായ നടപടിക്രമങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ അവശേഷിക്കുന്നുള്ളൂ. പ്രായാധിക്യം ഉണ്ടെങ്കിലും വി.എസ് മത്സരിക്കുന്നതിനോട് സംസ്ഥാന നേതൃത്വം അനുകൂലമാണ്. കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് മുന്നോട്ടു വെച്ച നിര്‍ദേശം പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും അടക്കം പി.ബി അംഗങ്ങള്‍ അംഗീകരിച്ചു. വി.എസ് മത്സരിക്കാതെ മാറി നിന്നാല്‍ ഇടതുപക്ഷത്തിനു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്ന ആശങ്ക മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. വി .എസിനെ മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടിയില്‍ വിഭാഗീയത വീണ്ടും ശക്തി പ്രാപിക്കുമെന്ന ആശങ്ക സി.പി.എം നേതാക്കള്‍ക്കുമുണ്ട്. വി.എസ് മത്സരിക്കുന്നതിനെ അണികള്‍ അത്യന്തം ആവേശത്തോടെയാണ് എതിരേല്‍ക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഒരു റെക്കോഡാണിത്. 93കാരനായ നേതാവ് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വീണ്ടും ഒരു കൈ നോക്കുന്നത്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.