ധനലക്ഷ്മി ബാങ്ക്: ചര്‍ച്ചകളില്‍ നിന്ന് മുങ്ങി എം.ഡി മന്നം സമാധിയില്‍

തൃശൂര്‍: തിങ്കളാഴ്ച ബാങ്ക് ഓഫിസര്‍മാര്‍ നടത്തുന്ന ദേശീയ പണിമുടക്കിന് ആധാരമായ ധനലക്ഷ്മി ബാങ്കിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ മേഖലാ ലേബര്‍ കമീഷണറും തിരുവനന്തപുരത്ത് സംസ്ഥാന ആഭ്യന്തര മന്ത്രിയും വിളിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ജി. ശ്രീറാം ചങ്ങനാശേരി മന്നം സമാധിയില്‍. തിരുവനന്തപുരത്തെ ചര്‍ച്ചയില്‍ എം.ഡി പങ്കെടുക്കാത്തതിന് പറഞ്ഞ കാരണം ഹൃദയ സംബന്ധമായ പ്രശ്നങ്ങളായിരുന്നു. എന്നാല്‍, ശ്രീറാം ഇന്നലെ രണ്ടിടത്തേയും ചര്‍ച്ചകള്‍ ഒഴിവാക്കി രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.

മേഖലാ ലേബര്‍ കമീഷണര്‍ മുംബൈയില്‍ വിളിച്ച ചര്‍ച്ചയില്‍ ധനലക്ഷ്മി ബാങ്ക് പ്രതിനിധികളാരും പങ്കെടുത്തില്ല. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കെ. ഗണേശനും സീനിയര്‍ അഡൈ്വസര്‍ എച്ച്.എന്‍. വിശ്വേശ്വറും പങ്കെടുത്ത ചര്‍ച്ചക്ക് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹര്‍വീന്ദര്‍ സിങ്, സീനിയര്‍ വൈസ് പ്രസിഡന്‍റുമാരായ ദിലീപ് സാഹ, ജി.വി. മണിമാരന്‍ എന്നിവരും എത്തിയിരുന്നു. ചര്‍ച്ചയില്‍ ബാങ്ക് പ്രതിനിധി ഇല്ലാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച മേഖലാ ലേബര്‍ കമീഷണര്‍ ഡോ. എസ്. ഗുണഹരി, അടുത്തമാസം 15ന് ചേരുന്ന യോഗത്തില്‍ ബാങ്ക് എം.ഡി നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറില്‍ രാവിലെ ഒമ്പതിനാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ബാങ്കിനു വേണ്ടി ചീഫ് ജനറല്‍ മാനേജര്‍ മണികണ്ഠന്‍, ഡയറക്ടര്‍ പി. മോഹനന്‍, എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍റ് രാജന്‍, എ.ജി.എം രാമകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തത്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എം.ഡി എത്തില്ളെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ അറിയിച്ചപ്പോള്‍തന്നെ ചര്‍ച്ചയില്‍ പങ്കെടുത്ത സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് എളമരം കരീം സംശയം പ്രകടിപ്പിച്ചു. ചുമതലയേറ്റ് ഒരു വര്‍ഷത്തോളമായിട്ടും എം.ഡി ബാങ്കിലെ പ്രധാന ട്രേഡ് യൂനിയന്‍ നേതാക്കളുമായി ചര്‍ച്ചക്ക് തയാറാവാത്തത് ശരിയല്ളെന്ന് മന്ത്രി മാനേജ്മെന്‍റ് പ്രതിനിധികളോട് പറഞ്ഞു. അവധി ദിനമാണെങ്കിലും ശനിയാഴ്ചതന്നെ ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍െറയും മാതൃ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍െറയും പ്രതിനിധികളുമായി മാനേജ്മെന്‍റ് ചര്‍ച്ച നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിരിച്ചുവിട്ട സീനിയര്‍ മാനേജര്‍ പി.വി. മോഹനന് മാന്യമായ പുന$പ്രവേശവും വിരമിക്കലും ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് കാണിച്ച് ബാങ്ക് ഡയറക്ടര്‍മാര്‍ക്ക് താന്‍ കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.

മോഹനനെ പിരിച്ചുവിട്ടത് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമാണെന്നും തിരിച്ചെടുക്കാനാവില്ളെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. തീരുമാനം പുന$പരിശോധിക്കണമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡ് ചേരണമെന്ന് അവര്‍ അറിയിച്ചപ്പോള്‍ നാളത്തെന്നെ യോഗം വിളിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അത് സാധ്യമല്ളെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ അറിയിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ പി.വി. മോഹനന്‍, വിജയ അനന്തകൃഷ്ണന്‍, മനോജ്, പി.കെ.പി. കൃഷ്ണകുമാര്‍, സമര സഹായ സമിതി പ്രതിനിധികളായ ടി. നരേന്ദ്രന്‍, ശശികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.