തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയക്ക് തുടക്കമിട്ട കോണ്‍ഗ്രസ് ഈമാസം 29നകം പ്രാഥമിക പട്ടികക്ക് രൂപംനല്‍കാനും തീരുമാനിച്ചു. യു.ഡി.എഫിലെ സീറ്റുവിഭജന ചര്‍ച്ച വ്യാഴാഴ്ച തുടങ്ങും. കക്ഷിനേതാക്കളുടെ യോഗം വ്യാഴാഴ്ച തലസ്ഥാനത്ത് വിളിച്ചിട്ടുണ്ട്. ഇതില്‍ ഉഭയകക്ഷി ചര്‍ച്ചകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ജില്ലാതല ഉപസമിതികളോടാണ് 28നകം ചര്‍ച്ച പൂര്‍ത്തിയാക്കി 29നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.സി.സി നിര്‍ദേശിച്ചത്. ഉപസമിതിയോഗം ബുധനാഴ്ച കെ.പി.സി.സിയില്‍ ചേര്‍ന്നു. ഡി.സി.സി പ്രസിഡന്‍റുമാര്‍ കണ്‍വീനര്‍മാരായ കമ്മിറ്റിയില്‍ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി, തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച കെ.പി.സി.സി ഭാരവാഹികള്‍ എന്നിവരുള്‍പ്പെടുന്നു. മണ്ഡലം, ബ്ളോക് ഡി.സി.സി ഭാരവാഹികളുമായി മൂന്നംഗസമിതി ചര്‍ച്ച നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. താഴത്തേട്ടിലുള്ള കഴിയുന്നത്ര നേതാക്കളും പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി ജയസാധ്യത, ജനസ്വീകാര്യത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവണം പട്ടിക തയാറാക്കേണ്ടത്.
ശിപാര്‍ശ സീല്‍വെച്ച കവറില്‍ കെ.പി.സി.സിക്ക് സമര്‍പ്പിക്കണം. പേരുകള്‍ കഴിവതും മൂന്നോ നാലോ ആയി ചുരുക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ജില്ലാതല ഉപസമിതിയുമായി ചര്‍ച്ച നടത്തി പ്രാഥമിക കരടുപട്ടികക്ക് രൂപംനല്‍കും. ഹൈകമാന്‍ഡുമായി പ്രാഥമിക ചര്‍ച്ചക്കുശേഷം തെരഞ്ഞെടുപ്പ് സമിതിയിലേക്ക് പോകും. കളങ്കിതര്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടാനും സമിതികളോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് ഒന്നോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുചര്‍ച്ച ഊര്‍ജിതമാക്കുന്നത്. കൂടുതല്‍ സീറ്റിന് ഘടകകക്ഷികള്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ സമാന്തര സീറ്റുവിഭജന ചര്‍ച്ചകളും നടത്താനാണ് ആലോചന. കേരള കോണ്‍ഗ്രസ്-എം, ആര്‍.എസ്.പി എന്നിവ കൂടുതല്‍ സീറ്റിന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ആര്‍.എസ്.പിക്ക് പുതുതായി സീറ്റ് കണ്ടത്തെണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.