വില്ലേജ്, ഗ്രാമപഞ്ചായത്ത് അതിര്‍ത്തി ഏകീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍

തിരുവനന്തപുരം: റവന്യൂ വില്ളേജുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും അതിര്‍ത്തികള്‍ ഏകീകരിക്കണമെന്ന് സ്ഥാനമൊഴിഞ്ഞ  തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍. ബ്ളോക് പഞ്ചായത്തുകളുടെ അതിര്‍ത്തിനിയമസഭാ മണ്ഡലത്തിന്‍േറതാക്കി മാറ്റണം. പോളിങ് ബൂത്ത് അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ രൂപവത്കരിക്കണം. ഇവ യാഥാര്‍ഥ്യമായാല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരു വോട്ടര്‍പട്ടിക സാധ്യമാകുമെന്നും വികസന രംഗത്ത് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോളിങ് ബൂത്ത് അടിസ്ഥാനത്തിലാണ് വാര്‍ഡ് എങ്കില്‍ പൊതു വോട്ടര്‍പട്ടിക മതിയാകും. ഇപ്പോള്‍ വാര്‍ഡുകള്‍ക്കനുസരിച്ച് വോട്ടര്‍പട്ടിക ക്രമീകരിക്കേണ്ടിവരുന്നു.
റവന്യൂ വില്ളേജ് അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് വന്നാല്‍ ഭരണകാര്യങ്ങള്‍ക്ക് സൗകര്യമാകും. തദ്ദേശ സ്ഥാപനങ്ങളിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കഴിയും. അടിക്കടിയുള്ള വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയവും ഒഴിവാകും. ബ്ളോക്കുകള്‍ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിലായാല്‍ എണ്ണത്തില്‍ അല്‍പം കുറവ് വരുമെങ്കിലും ഭരണപരമായി സൗകര്യമാണ്. ബ്ളോക് നിയമസഭാ അടിസ്ഥാനത്തിലായാല്‍ എം.എല്‍.എമാര്‍ക്ക് വികസനത്തില്‍ കൂടുതല്‍ ഇടപെടാനാകും.
നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി 30 വര്‍ഷത്തിലൊരിക്കലാണ് പുനര്‍നിര്‍ണയിക്കുന്നതെങ്കില്‍ തദ്ദേശ അതിര്‍ത്തികള്‍ എല്ലാ അഞ്ചുവര്‍ഷത്തിലും പുനര്‍നിര്‍ണയിക്കുന്നു. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പെങ്കിലും പുനര്‍നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാകണം.വാര്‍ഡ് സഭകള്‍ വിളിക്കുന്നത് സംബന്ധിച്ച് നിയമത്തിലുണ്ടെങ്കിലും ഇനിയും ചട്ടമുണ്ടാക്കിയിട്ടില്ല. അംഗങ്ങള്‍ സ്വത്ത് വിവരം മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പ്രകാരം കമീഷന്‍ നടപടി എടുത്തപ്പോള്‍ ഇത് 15 മാസമാക്കി നിയമനിര്‍മാണം നടത്തി. കൂടുതല്‍ സമയം നല്‍കുന്നത് പ്രാധാന്യം നഷ്ടപ്പെടുത്തും. മൂന്ന് വോട്ട് ചെയ്യാവുന്ന യന്ത്രം ഏറെ വിജയമായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ ഹൈകോടതി നിലപാട് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

കെ. ശശിധരന്‍ നായര്‍ വിരമിച്ചു
തിരുവനന്തപുരം: വിവാദങ്ങള്‍ക്കുനടുവില്‍ തദ്ദേശതെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കി കെ. ശശിധരന്‍ നായര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ സ്ഥാനമൊഴിഞ്ഞു.
2011 ഏപ്രില്‍ 18ന് ചുമതലയേറ്റ അദ്ദേഹം 65 വയസ്സ് പൂര്‍ത്തീകരിച്ചതിനെതുടര്‍ന്നാണ് ഇന്നലെ വിരമിച്ചത്. അഞ്ചാമത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് കമീഷണറെ ഉടന്‍ സര്‍ക്കാര്‍ നിയമിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അടക്കം മൂന്ന് പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.