വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം: പുതിയ 400/220 കെ.വി ലൈന്‍ വരുന്നു

കല്‍പറ്റ: കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് എന്നീ വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി പുതിയ വൈദ്യുതിലൈന്‍ നിര്‍മിക്കുന്നു. വയനാട്ടില്‍നിന്ന് തുടങ്ങി കാസര്‍കോട് വരെ നീളുന്ന പുതിയ 400/220 കെ.വി എം.സി.എം.വി (മള്‍ട്ടി കറന്‍റ് മള്‍ട്ടി വോള്‍ട്ടേജ്) ലൈനിന്‍െറ പ്രാരംഭസര്‍വേ നടപടികള്‍ തുടങ്ങി.

ഷൊര്‍ണൂര്‍ ആസ്ഥാനമായ കെ.എസ്.ഇ.ബിയുടെ നോര്‍തേണ്‍ റീജ്യന്‍ ട്രാന്‍സ്മിഷന്‍ ഡെവലപ്മെന്‍റ് ടീമാണ് നേതൃത്വം നല്‍കുന്നത്. മൈസൂരുവില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിന് മൈസൂരു-അരീക്കോട് ലൈന്‍ നിലവിലുണ്ട്. എന്നാല്‍, വടക്കന്‍ ജില്ലകളിലെ വൈദ്യുതി ക്ഷാമം തീര്‍ക്കാന്‍ ഇത് പര്യാപ്തമല്ല. ഇതിനാലാണ് പുതിയ ലൈന്‍. വയനാട്ടില്‍വെച്ച് മൈസൂരു-അരീക്കോട് ലൈനില്‍നിന്ന് കണക്ഷനെടുക്കുന്ന തരത്തിലാണ് പുതിയ ലൈന്‍ നിര്‍മിക്കുന്നത്. വേനല്‍ക്കാലത്ത് വടക്കന്‍ ജില്ലകളില്‍ വന്‍ വൈദ്യുതിക്ഷാമമാണ് നേരിടുന്നത്. ഈ സമയങ്ങളില്‍ ആഭ്യന്തരജലപദ്ധതികളില്‍നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടുന്നുമില്ല.

മൈസൂരുവില്‍നിന്ന് വൈദ്യുതിയത്തെിക്കുന്ന പുതിയ എം.സി.എം.വി ലൈന്‍ പൂര്‍ത്തിയാവുന്നതോടെ ഇവിടങ്ങളിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും. മാനന്തവാടി, പേര്യ, തവിഞ്ഞാല്‍, തൃശിലേരി എന്നീ സ്ഥലങ്ങളിലൂടെയാണ് വയനാട്ടില്‍ പുതിയ ലൈന്‍ കടന്നുപോകുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തലശ്ശേരി, കോലയാട്, വെക്കലം, ഇരിട്ടി, ആറളം, അയ്യംകുന്ന്, കണിച്ചാര്‍, കീഴൂര്‍, കേളകം, കൊട്ടിയൂര്‍, മണത്തണ, മുഴക്കുന്ന്, നുച്ചിയാട്, പടിയൂര്‍, പായം, വയത്തൂര്‍, വെള്ളാര്‍വള്ളി, വിളമന, തളിപ്പറമ്പ്, ആലങ്കോട്, എരുവേറ്റി, നടുവില്‍, പയ്യാവൂര്‍, പെരിങ്ങോം, പുളിങ്ങോം, തിരുമേനി, ഉദയഗിരി, വയക്കര, വെള്ളാട്, ഹോസ്ദുര്‍ഗ്, ചിമേനി, പയ്യൂര്‍, കിന്നാലൂര്‍, കരിന്തളം, മടിക്കൈ, അമ്പലത്തറ, കല്ലൂര്‍, പനയാല്‍, ബാര എന്നീ സ്ഥലങ്ങളിലൂടെയാണ് ലൈന്‍ നിര്‍മാണം നടക്കുക.

അവിടങ്ങളിലെ സ്വകാര്യഭൂമികളിലടക്കം സര്‍വേ നടപടികള്‍ക്കായി ഏതുസമയത്തും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അനുബന്ധ ആളുകളും പ്രവേശിക്കുമെന്ന് നോര്‍തേണ്‍ റീജ്യന്‍ ട്രാന്‍സ്മിഷന്‍ ഡെവലപ്മെന്‍റ് ടീം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഇതിനകം അറിയിപ്പുനല്‍കിയിട്ടുണ്ട്. ആളുകളില്‍നിന്ന് എതിര്‍പ്പുയരാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാന്‍ കഴിയില്ളെന്നും കെ.എസ്.ഇ.ബി അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.