ദേശീയ മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് എതിരെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശത്തിന് ദേശീയതലത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്താന്‍ ലക്ഷ്യമിടുന്ന ഏകീകൃത പ്രവേശ പരീക്ഷക്ക്  വ്യക്തിപരമായി എതിരാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. വ്യത്യസ്ത സ്ഥാപനങ്ങളില്‍ പ്രവേശത്തിന് വിവിധ പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ പ്രവേശസാധ്യത വര്‍ധിപ്പിക്കും. ഒരു പരീക്ഷയില്‍ മോശം പ്രകടനം നടത്തുന്നത് വഴി ആ വര്‍ഷം മൊത്തം സ്ഥാപനങ്ങളിലും അവസരം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഏകീകൃത പ്രവേശ പരീക്ഷ വഴിയുണ്ടാവുകയെന്നും മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, നിയമഭേദഗതി വഴി ഏകീകൃത പരീക്ഷ കൊണ്ടുവന്നാല്‍ അതില്‍ കേരളം ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങളും പങ്കാളികളാകേണ്ടിവരും. സംസ്ഥാനതലത്തില്‍ പ്രവേശപരീക്ഷാ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതിനാല്‍ ഈ വര്‍ഷം ദേശീയതലത്തിലെ പരീക്ഷയില്‍ കേരളം പങ്കാളിയാകില്ല.
ദേശീയതലത്തിലെ പ്രവേശ പരീക്ഷയാണ് നടത്തുന്നതെങ്കില്‍ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണക്കുറവും സംസ്ഥാനങ്ങള്‍ക്ക് തലവേദനയാകും. നേരത്തേ 2013ല്‍ ‘നീറ്റ്’ പരീക്ഷയില്‍ കേരളം പങ്കാളിയായപ്പോള്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമായിരുന്നു കേന്ദ്രങ്ങള്‍. ഇത്  കുട്ടികള്‍ക്ക് ഒട്ടേറെ അസൗകര്യം സൃഷ്ടിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരീക്ഷക്ക് മുഴുവന്‍ ജില്ലയിലും വ്യാപകമായി പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതാണ് രീതി.
ഹയര്‍സെക്കന്‍ഡറി തലത്തിലെ സിലബസ് അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശ പരീക്ഷക്കുള്ള ചോദ്യം തയാറാക്കുന്നത്. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ പ്രത്യേക സിലബസ് തയാറാക്കിയാണ് പഠിപ്പിക്കുന്നത്.  ദേശീയ പ്രവേശ പരീക്ഷക്ക് അടിസ്ഥാനമാക്കുന്ന സിലബസ് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ പരീക്ഷ അംഗീകരിക്കാതെ പുറത്തുപോയാല്‍ അത് പുതിയ പ്രതിസന്ധി സൃഷ്ടിക്കും.
ദേശീയതല പരീക്ഷ നടത്തിയാല്‍ സംസ്ഥാന  പട്ടിക പ്രത്യേകം വാങ്ങിയശേഷമേ സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശം നടത്താനാകൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.