ഇനി അഞ്ജനക്കും നല്ല വീട്ടില്‍ താമസിക്കാം

ചേളന്നൂര്‍: എസ്.എന്‍ ട്രസ്റ്റ് സ്കൂള്‍ ഒമ്പതാം ക്ളാസിലെ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ അഞ്ജനക്ക് ഇനി നല്ല വീട്ടില്‍ താമസിക്കാം. നാടിന്‍െറയാകെ പിന്തുണയില്‍ സഹപാഠികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് അഞ്ജനക്കും കുടുംബത്തിനും തണലൊരുക്കിയത്. ആദ്യമായി അഞ്ജനയുടെ വീട്ടിലത്തെിയ സഹപാഠികളും അധ്യാപകരും അവളുടെ അവസ്ഥ കണ്ട് നൊമ്പരവുമായാണ് മടങ്ങിയത്. പ്രാഥമിക കര്‍മങ്ങള്‍പോലും സ്വയം നിര്‍വഹിക്കാനാവാതെ ബാലിക. വീല്‍ചെയറിന്‍െറ സഹായംപോലും ലഭ്യമാക്കാന്‍ കഴിയാത്ത കുടിലും പരിസരവും.

നട്ടെല്ലിന്‍െറ ക്ഷതം മൂലം അവശയായ അമ്മ. കിട്ടുന്ന പണം മുഴുവന്‍ ചികിത്സക്കായി ചെലവഴിക്കുന്ന കൂലിപ്പണിക്കാരനായ അച്ഛന്‍. ആകെയുള്ളത് വീടിന്‍െറ അടിത്തറമാത്രം. അഞ്ജനക്കൊരു വീട് നിര്‍മിച്ചുനല്‍കുമെന്ന പ്രതിജ്ഞയുമായാണ് അന്നവര്‍ മടങ്ങിയത്. ഈ ഉദ്യമത്തിന് സഹപാഠികളായ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അധ്യാപകരും വിദ്യാലയ മാനേജ്മെന്‍റും പൂര്‍ണ സഹകരണവും പിന്തുണയും നല്‍കിയതോടെ അഞ്ജനയുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയായിരുന്നു. കൂട്ടായ്മയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടി.

എസ്.എന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം രവീന്ദ്രന്‍ മുഖ്യരക്ഷാധികാരിയും പി.ടി.എ പ്രസിഡന്‍റ് സോമന്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജെ. ഹേമലത ജനറല്‍ കണ്‍വീനറും പ്രധാനാധ്യാപിക ബിജി ജോയന്‍റ് കണ്‍വീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. രക്ഷാകര്‍ത്താക്കളും സുമനസ്സുകളും ജനഹൃദയങ്ങളിലേക്ക് ചെന്നപ്പോള്‍ ഒരു പ്രദേശം മുഴുവന്‍ വീട് നിര്‍മാണത്തിന്‍െറ ഓരോ ഘട്ടത്തിലും സഹായങ്ങള്‍ നല്‍കി. പദ്ധതിയുടെ പരസ്യപ്രചാരണത്തിന് സൈക്കിള്‍ റാലി നടത്തിയ വിദ്യാര്‍ഥികള്‍ ഓരോ ക്ളാസുകളെ അടിസ്ഥാനമാക്കി സാമ്പത്തിക സമാഹരണത്തിന്  അക്ഷീണം പ്രയത്നിക്കുകയും ചെയ്തു.

വീടിന്‍െറ താക്കോല്‍ദാനവും ഉദ്ഘാടനവും എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശന്‍ നിര്‍വഹിച്ചു.  പി.കെ. സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ഷക്കീല ടീച്ചര്‍, ബ്ളോക് മെംബര്‍ വി.എം. മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്‍റ് ടി. വത്സല എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.