ചട്ടങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥര്‍; പിഴഭീഷണിയില്‍ കെ.എസ്.ഇ.ബി

കല്‍പറ്റ: മാറ്റങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുകയും ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മൂലം കെ.എസ്.ഇ.ബി വന്‍തുകയുടെ പിഴശിക്ഷാ ഭീഷണിയില്‍. എംബ്ളം മുതല്‍ ബോര്‍ഡും ലെറ്റര്‍പാഡുമടക്കം മാറ്റി മുഖംമിനുക്കുന്ന തിരക്കിലാണ് കെ.എസ്.ഇ.ബി. എന്നാല്‍, പലവട്ടം നിര്‍ദേശം നല്‍കിയിട്ടും ഇത്തരം മാറ്റങ്ങള്‍ സ്വന്തം ഓഫിസുകളില്‍ ചില മേലധികാരികള്‍ വരുത്തിയിട്ടില്ല. ഇതോടെ കമ്പനീസ് ആക്ട് പ്രകാരം ഒരു ലക്ഷം രൂപ വരെ വിവിധ കെ.എസ്.ഇ.ബി ഓഫിസുകള്‍ക്ക് പിഴശിക്ഷ കിട്ടുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കാന്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കെ.എസ്.ഇ.ബി കമ്പനി സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

1956ലെ കമ്പനീസ് ആക്ട് പ്രകാരം കമ്പനിവത്കരിക്കപ്പെട്ടതും 2013ലെ നിയമഭേദഗതി പ്രകാരം പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്. കമ്പനീസ് ആക്ട് 2013ലെ വകുപ്പ് 12(3) (എ) പ്രകാരം ഓരോ കമ്പനിയും അതിന്‍െറ വിവിധ ഓഫിസുകളില്‍ കമ്പനിയുടെ പേര്, രജിസ്ട്രേഡ് ഓഫിസിന്‍െറ മേല്‍വിലാസം എന്നിവ പൊതുജനത്തിന് കാണാവുന്ന രീതിയില്‍ പതിക്കണം. കത്തിടപാട്, ബില്ലുകള്‍, നോട്ടീസുകള്‍, ഒൗദ്യോഗിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയിലും കോര്‍പറേറ്റ് ഐഡന്‍റിറ്റി നമ്പര്‍, ടെലിഫോണ്‍, ഫാക്സ് നമ്പര്‍ എന്നിവയടക്കം ഉള്‍പ്പെടുത്തണം.

എന്നാല്‍, ഇത്തരം മാറ്റങ്ങള്‍ ഇപ്പോഴും പല കെ.എസ്.ഇ.ബി ഓഫിസുകളിലും വരുത്തിയിട്ടില്ല. ഇതോടെ കെ.എസ്.ഇ.ബിക്ക് മേല്‍ നിയമനടപടി വരുന്ന സ്ഥിതിയാണ്. കമ്പനീസ് ആക്ട് 2013ലെ വകുപ്പ് 12(8) പ്രകാരം ഇത്തരത്തില്‍ വീഴ്ച വരുത്തുന്ന കമ്പനിയും അതിന്‍െറ ഓഫിസ് മേലധികാരികളും പ്രതിദിനം 1000 രൂപ നിരക്കിലും പരമാവധി ഒരു ലക്ഷം രൂപ വരെയും പിഴയൊടുക്കാന്‍ ബാധ്യസ്ഥരാണ്. ആയിരക്കണക്കിന് ഓഫിസുകളുള്ള കെ.എസ്.ഇ.ബിക്ക് ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കേണ്ടിവരും. ഇതുസംബന്ധിച്ച് മുമ്പും കെ.എസ്.ഇ.ബി തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്.

എല്ലാ ഓഫിസുകളുടെയും മുന്‍ഭാഗത്തും ഒൗദ്യോഗിക രേഖകളിലും കമ്പനീസ് ആക്ട് പ്രകാരമുള്ള കെ.എസ്.ഇ.ബിയുടെ വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ളീഷിലും പ്രചാരത്തിലുള്ള മറ്റ് ഏതെങ്കിലും ഭാഷയിലും രേഖപ്പെടുത്തണമെന്നാണ് പുതിയ ഉത്തരവിലുള്ളത്. നേരത്തേ അച്ചടിച്ചുപോയ രേഖകളില്‍ ഇവ ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ റബര്‍ മുദ്രകൊണ്ട് പതിച്ചുചേര്‍ക്കുകയും വേണം. 30 ദിവസത്തിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ഇല്ളെങ്കില്‍ ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫിസ് മേലധികാരികള്‍ക്കെതിരെ ഗുരുതരകൃത്യവിലോപത്തിന് നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.