കമ്പ്യൂട്ടര്‍ സാക്ഷരത: കേരളത്തിന്‍െറ പ്രവര്‍ത്തനം മാതൃകാപരമെന്ന് ഉപരാഷ്ട്രപതി

തിരുവനന്തപുരം: സാമൂഹികപുരോഗതി ലക്ഷ്യമിട്ട് കമ്പ്യൂട്ടര്‍ സാക്ഷരത വ്യാപിപ്പിക്കാനുള്ള കേരളത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി. ജനങ്ങളെ ശാക്തീകരിക്കുന്നതിലും ജീവിതനിലവാരം ഉയര്‍ത്തുന്നതിലും കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെക്കാള്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഇ-സാക്ഷരതാപദ്ധതിയുടെ രണ്ടാംഘട്ടമായി സംസ്ഥാനത്ത് 100 ഡിജിറ്റല്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നതിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ലൈബ്രറികളിലൂടെ 50 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. സര്‍ക്കാറിന്‍െറ സേവനങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുകയാണ്. ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം കുതിക്കുന്നുണ്ടെങ്കിലും താഴത്തേട്ടിലേക്ക് എത്തുന്നില്ല. ഈ അവസ്ഥ മാറണം. ഇന്ത്യയില്‍ 46.3 കോടി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. എന്നാല്‍, ഇത് മൊത്തം ജനസംഖ്യയുടെ 34.8 ശതമാനം മാത്രമേ ആകുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരതയില്‍ കേരളം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അധ്യക്ഷതവഹിച്ച ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ഗ്രാമങ്ങളില്‍ പോലും ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണും സാധാരണമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇ-സാക്ഷരത കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ഫലപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍, പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, പ്രഫ. ജയരാജന്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.