ജോലി സമയത്ത് ഓണാഘോഷം വേണ്ട: സര്‍ക്കുലര്‍ ഇറങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. ഓണാഘോഷം ജോലി സമയം ഒഴിവാക്കി ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കുലറിലെ പ്രസക്ത ഭാഗം: ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധം സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തിസമയത്ത് ആഘോഷം സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉചിതമായിരിക്കും. എല്ലാതരം ആഘോഷങ്ങളും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഓഫിസ് പ്രവര്‍ത്തനസമയം ഒഴിവാക്കി ക്രമീകരിക്കണം. ഇക്കാര്യങ്ങള്‍ എല്ലാ വകുപ്പ് മേധാവികളും ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നു. ജോലി സമയത്ത് ഓണാഘോഷം നടത്തുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വിമര്‍ശിച്ചിരുന്നു. ജോലിസമയത്ത് സീറ്റില്‍ ജീവനക്കാര്‍ ഉണ്ടാകല്‍ പ്രധാനമാണെന്ന് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഉത്സവകാലങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കച്ചവടക്കാര്‍ എത്തുകയും ജോലി സമയത്തിന്‍െറ നല്ളൊരു ഭാഗം അപഹരിക്കുകയും ചെയ്യുന്നു.

ഇത് കര്‍ശനമായി നിയന്ത്രിക്കും. ഓണാഘോഷം എല്ലാ ഓഫിസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കള മത്സരം പോലുള്ളവയും ഓഫിസ് സമയത്ത് നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫിസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാല്‍ പ്രവൃത്തിസമയത്തെ ബാധിക്കില്ല. ഓണം എന്നല്ല, ഏത് ആഘോഷവും ഒൗദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാത്തവിധമാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ ഉറപ്പാക്കുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം സര്‍വിസ് സംഘടനകള്‍ രംഗത്തുവരുകയും ചെയ്തു. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. വിവാദത്തിനിടെയാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം വന്നത്. അവധിക്കു മുമ്പുള്ള പ്രവൃത്തിദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ആഘോഷ പരിപാടികള്‍ നടക്കാറുണ്ട്. സദ്യ, അത്തപ്പൂക്കളം, കലാപരിപാടികളൊക്കെ ഉണ്ടാകാറുണ്ട്. പ്രവൃത്തി സമയത്ത് ഇതെല്ലാം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നീക്കം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.