രണ്ടു വര്‍ഷത്തിനകം 500 മെഗാവാട്ട് സോളാര്‍ വൈദ്യുതി –കടകംപള്ളി

പടിഞ്ഞാറത്തറ (വയനാട്): രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്ത് 500 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന്  വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യം. ബാണാസുര സാഗര്‍ അണക്കെട്ടില്‍ 400 കിലോ വാട്ട് ഡാം ടോപ് സൗരോര്‍ജ വൈദ്യുതി നിലയം കമീഷന്‍ ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ന് കേരളം ആവശ്യമുള്ളതിന്‍െറ 65 ശതമാനം വൈദ്യുതിയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുകയാണ്. ഉപഭോക്താക്കള്‍തന്നെ ഉല്‍പാദകരാകുന്ന വിദേശരീതി കേരളവും പിന്തുടരണം. ഏറ്റവും ചെറിയ വൈദ്യുതി ഉല്‍പാദന യൂനിറ്റ്  മുതല്‍ വലിയ പദ്ധതിക്കുവരെയും സര്‍ക്കാര്‍ സഹായം നല്‍കും. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആവശ്യമുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലേക്ക് താമസിയാതെ സര്‍ക്കാര്‍ ഓഫിസുകള്‍ മാറും. സൗരോര്‍ജത്തിനു പുറമെ കാറ്റ്, തിരമാല എന്നിവയില്‍നിന്നെല്ലാം വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതികള്‍ മുന്നേറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
400 കിലോവാട്ട് ശേഷിയുള്ളതാണ് ബാണാസുര സാഗര്‍ ഡാമിലെ പദ്ധതി. ഇവിടെ പ്രതിവര്‍ഷം അഞ്ചുലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. ഇതിനായി 250 വാട്ട് ശേഷിയുള്ള 1760 സോളാര്‍ പാനലുകളും 50 കിലോവാട്ട് ശേഷിയുള്ള ഒമ്പത് ഇന്‍വര്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെ.വി. സബ് സ്റ്റേഷനിലേക്കാണ് പ്രവഹിക്കുക. 685 മീറ്റര്‍ നീളമുള്ള അണക്കെട്ടിന്‍െറ നടവഴിയില്‍ 285 മീറ്ററിലാണ് ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്.  രണ്ടാം ഘട്ടത്തില്‍ 400 മീറ്ററില്‍ കൂടി പാനലുകള്‍ സ്ഥാപിക്കും.  4.29 കോടി രൂപ ചെലവില്‍ കെല്‍ട്രോണാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഡയറക്ടര്‍ വി. ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, എ.ഡി.എം കെ.എം. രാജു, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സജേഷ്, തരിയോട് പഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍, ജില്ലാ പഞ്ചായത്തംഗം കെ.ബി. നസീമ, ജില്‍സി സണ്ണി,  ഈന്തന്‍ ആലി, ശാന്തിനി ഷാജി, കെ.എസ്.ഇ.ബി ഡിസ്ട്രീബ്യൂഷന്‍ സേഫ്റ്റി ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, വി. ബ്രിജ്ലാല്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് എന്‍ജിനീയര്‍ ആര്‍. സുകു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.