സ്വാശ്രയ മെഡിക്കല്‍ പ്രവേശ നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള  പ്രവേശ നടപടികളുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ ഉത്തരവിറക്കി.  പ്രവേശകാര്യത്തില്‍  മാനേജ്മെന്‍റ് അസോസിയേഷനുമായുള്ള തര്‍ക്കം നിലനില്‍ക്കെയാണ് പ്രവേശ നടപടികളുമായി മുന്നോട്ടുപോകുന്നെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ വര്‍ഷം സര്‍ക്കാറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച അഞ്ച് ക്രിസ്ത്യന്‍ മാനേജ്മെന്‍റ് കോളജുകളിലേക്കുള്ള ഫീസ് ഘടനയും ഇതില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി ഈ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍തന്നെയായിരിക്കും അലോട്ട്മെന്‍റ് നടത്തുക. ഇവിടെ കഴിഞ്ഞ വര്‍ഷത്തെ കരാര്‍ അനുസരിച്ച് മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളിലെ ഏകീകൃത ഫീസ് നാല് ലക്ഷമായിരുന്നു. ഇതില്‍ 10 ശതമാനം വര്‍ധനയോടെ ഈ വര്‍ഷവും അടുത്ത വര്‍ഷവും പ്രവേശം നടത്താനായിരുന്നു കരാര്‍. ഇത് അംഗീകരിച്ച് ഈ വര്‍ഷത്തെ ഏകീകൃത ഫീസ് 4.4 ലക്ഷം രൂപയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.എന്‍.ആര്‍.ഐ സീറ്റില്‍ 12 ലക്ഷവും. ബി.പി.എല്‍, പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി ഫീസില്‍ ഇളവ് നല്‍കണം.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ കല്‍പിത സര്‍വകലാശാലകളിലെയും മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും പ്രവേശപരീക്ഷാ കമീഷണര്‍തന്നെ അലോട്ട്മെന്‍റ് നടത്തണമെന്ന് ഉത്തരവില്‍ ആവര്‍ത്തിക്കുന്നു. 50 ശതമാനം മെറിറ്റ് സീറ്റിലേക്ക് സംസ്ഥാന പ്രവേശ പരീക്ഷയുടെ റാങ്ക് പട്ടികയില്‍നിന്നും മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് നീറ്റ് പട്ടികയില്‍നിന്നും പ്രവേശം നടത്താം. ഫീസ് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കമീഷണര്‍ നല്‍കണം. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലെ 50  മെറിറ്റ് സീറ്റുകളില്‍ 15 എണ്ണത്തില്‍  മാനേജ്മെന്‍റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തില്‍നിന്നുള്ളവര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം  നല്‍കണം. കാരക്കോണം മെഡിക്കല്‍ കോളജിലെ 30 സീറ്റുകളിലേക്ക് ദക്ഷിണേന്ത്യ രൂപതയുടെ കീഴിലെ എസ്.ഐ.യു.സി നാടാര്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ക്കാണ് അലോട്ട്മെന്‍റ്.  ഇവിടെ മറ്റ് സീറ്റുകളിലേക്ക് സംവരണാടിസ്ഥാനത്തില്‍ സീറ്റ് നികത്തേണ്ടതും വ്യക്തമാക്കിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജിലെയും മറ്റു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും മെറിറ്റ്, മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് പിന്നീട് തീരുമാനിക്കും.

വിദ്യാര്‍ഥികളില്‍നിന്ന് 10,000 രൂപ വീതം കോഷന്‍ ഡെപ്പോസിറ്റായി സ്വീകരിക്കാം. സര്‍ക്കാര്‍ അനുമതിയില്ലാത്ത ഫീസുകള്‍ പിരിക്കാന്‍ പാടില്ല. എസ്.സി/എസ്.ടി വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ്  പട്ടികജാതി-വര്‍ഗ വികസന വകുപ്പില്‍നിന്ന് ലഭ്യമാക്കും. മുഴുവന്‍ ഫീസും അടച്ച വിദ്യാര്‍ഥിക്ക് ഫീസിളവിന് അര്‍ഹതയുണ്ടെന്ന് തെളിയിച്ചാല്‍, ഒരാഴ്ചക്കകം അധികം വാങ്ങിയ ഫീസ് തിരികെ നല്‍കണം. കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പദവിയുടെ ആനുകൂല്യങ്ങള്‍ നേടിയ കോളജുകള്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഗസ്റ്റ് 27നകം പ്രവേശ പരീക്ഷാ കമീഷണറെ അറിയിക്കണം.
ഇതറിയിക്കാത്ത കോളജുകളില്‍ കഴിഞ്ഞ വര്‍ഷം ജയിംസ് കമ്മിറ്റി അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാകും അലോട്ട്മെന്‍റ്. മാനേജ്മെന്‍റുകള്‍ പണം വാങ്ങിയുള്ള  പ്രവേശത്തിന് പരിഗണന നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.