ലാഭം കൊയ്യാന്‍ സിമന്‍റ് കമ്പനികള്‍ തയാറെടുക്കുന്നു

കൊച്ചി: സിമന്‍റ് നിരക്ക് ഇനിയും കൂട്ടാന്‍ നിര്‍മാതാക്കള്‍ രംഗത്ത്. മഴക്കാല വില്‍പന കുറവുമൂലം വിറ്റുവരവിലുണ്ടായ നഷ്ടം നികത്തലും സീസണില്‍ വലിയ ലാഭം നേടലുമാണ് ഉല്‍പാദക കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. ഇതിന് കളമൊരുക്കാന്‍ ലഭ്യത കുറച്ചുകൊണ്ടുവരുന്നതടക്കം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഓണത്തോടനുബന്ധിച്ച് വില കൂട്ടാനാണ് പദ്ധതി. ഓണം കഴിഞ്ഞാല്‍ സിമന്‍റ് വില കൂടുമെന്നാണ് വിവിധ കമ്പനികള്‍ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ 50കിലോ പാക്കറ്റിന് 380 മുതല്‍ 400 രൂപ വരെയാണ് വില. ഇത് 430 രൂപവരെ ആയേക്കുമെന്നാണ് സൂചന. ഇപ്പോള്‍തന്നെ കമ്പനികളുടെ ഇന്‍വോയിസ് നിരക്ക് 431 രൂപവരെയാണ്. കച്ചവടക്കാര്‍ 20 മുതല്‍ 30 രൂപവരെ കുറച്ച് വില്‍ക്കുന്നതിനാലാണ് വില 400 രൂപക്ക് താഴെ നില്‍ക്കുന്നത്. എന്നാല്‍, ഇന്‍വോയിസ് നിരക്കില്‍തന്നെ വില്‍ക്കണമെന്ന നിബന്ധനയാണ് കമ്പനികള്‍ മുന്നോട്ടുവെക്കുന്നത്.

320 രൂപയില്‍നിന്ന് മാസങ്ങള്‍ കൊണ്ടാണ് സിമന്‍റ് വില 390ല്‍ എത്തിയത്. രണ്ടര മാസത്തിനിടെ സിമന്‍റ് വില്‍പന 50 ശതമാനത്തിലേറെയാണ് കുറഞ്ഞത്. സംസ്ഥാന ബജറ്റിലെ പദ്ധതികളും പൊതുമരാമത്ത് പ്രവൃത്തികളും സെപ്റ്റംബര്‍ മുതല്‍ സജീവമാകാനിരിക്കെയാണ് വിലകൂട്ടല്‍ നീക്കം. തമിഴ്നാട്ടിലെ സിമന്‍റ് നിര്‍മാണക്കമ്പനികള്‍ ഉല്‍പാദനം കുറച്ചതാണ് വില കൂടാന്‍ കാരണമായി മൊത്തവ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. അസംസ്കൃത വസ്തുക്കള്‍ക്ക് വില കൂടാത്തത് അടക്കം ഒരുകാരണവും വ്യക്തമായി പറയാനില്ലാതെയാണ് വില കൂട്ടല്‍ നീക്കം. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടാനാണ് ശ്രമം. തമിഴ്നാട്ടിലേതു പോലെ കേരള സര്‍ക്കാര്‍ സിമന്‍റ് ഉല്‍പാദക കമ്പനികളുമായി കരാര്‍ ഒപ്പിട്ടാല്‍ സംസ്ഥാനത്തെ നികുതിയും 12.5 ശതമാനം വാറ്റും ഒപ്പം ഇറക്കുമതിക്കൂലിയും വാഹനക്കൂലിയും നല്‍കിയാലും സംസ്ഥാനത്ത് 200-250 രൂപക്ക് സിമന്‍റ് ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നാണ് വിതരണക്കാരും പൊതുമരാമത്ത് കരാറുകാറും ചൂണ്ടിക്കാട്ടുന്നത്.

നികുതി ഇനത്തില്‍ കിട്ടുന്ന വിഹിതം ഗണ്യമായി കുറയുമെന്നതിനാലാണത്രെ സര്‍ക്കാര്‍ ഇത്തരമൊരു കരാറിന് മടിക്കുന്നതെന്നും ഇവര്‍ പറയുന്നു. അതേസമയം, വില കൂട്ടിയാല്‍ സിമന്‍റ് ഉല്‍പാദക കമ്പനികളുടെ അസോസിയേഷനില്‍പെടാത്ത ചില നിര്‍മാതാക്കള്‍ കേരളത്തിലേക്ക് വരുമെന്ന ഭീതിയും കമ്പനികള്‍ക്കുണ്ട്. ഇപ്പോള്‍ ഗുജ്റാത്തില്‍നിന്നുള്ള ചില കമ്പനികള്‍ അടുത്തകാലത്ത് നിലവാരം കൂടിയ സിമന്‍റ് പ്രചാരത്തിലുള്ള മറ്റുസിമന്‍റിന്‍െറ വിലയില്‍തന്നെ സംസ്ഥാനത്ത് വില്‍പന ആരംഭിച്ചതാണ് വില കൂട്ടുന്നതിന് തടസ്സമായത്. ഗുജ്റാത്ത് കമ്പനികളില്‍ ചിലതാകട്ടെ നിര്‍മാതാക്കളുടെ അസോസിയേഷനില്‍ ഇല്ലാത്തവയുമാണ്. അതേസമയം, വില കൂടുമെന്ന പ്രതീതി സൃഷ്ടിച്ച് കച്ചവടം കൂട്ടാനാണ് കമ്പനികളുടെ നീക്കമെന്നും വിലയിരുത്തലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.