തലമുറകള്‍ക്കായി നാട്ടറിവ് ശേഖരമൊരുക്കി സുന്ദരേശ്വരന്‍ പിള്ള

ചടയമംഗലം(കൊല്ലം): കാര്‍ഷിക സംസ്കൃതിയുടെ ശേഷിപ്പുകളും ഒൗഷധ സസ്യങ്ങളുടെ ശേഖരവുമടക്കമുള്ള നാട്ടറിവുകള്‍ വരും തലമുറക്കായി സൂക്ഷിക്കുകയാണ് സുന്ദരേശ്വരന്‍പിള്ള. വെണ്ടാര്‍ വിദ്യാധിരാജ എച്ച്.എസ്.എസിലെ അധ്യാപകനായിരുന്ന ആയൂര്‍ ദേവികയില്‍ പനച്ചിമൂട്ടില്‍ സുന്ദരേശ്വരന്‍പിള്ളയാണ് പോയ കാലങ്ങളിലെ കൗതുകങ്ങളെ നിധിപോലെ സൂക്ഷിക്കുന്നത്.

കൃഷിക്ക് ഉപയോഗിച്ചിരുന്ന കലപ്പ, മരം, നുകം, വിതവട്ടി, പതക്കുട്ട, നെല്ല് അളക്കുന്നതിന് ഉപയോഗിച്ചിരുന്ന അരപ്പറ, ഒരു പറ, ഒന്നരപ്പറ, ഇടങ്ങഴി, മുളനാഴി, ഉരമരുന്ന് നല്‍കുന്നതിന് അളവായി ഉപയോഗിച്ചിരുന്ന ഗോകര്‍ണം, പൂര്‍ണമായും തടിയുടെ കാതലില്‍ തീര്‍ത്ത കലപ്പ, പേഴ്മരത്തില്‍ തീര്‍ത്ത അറകുറ്റി, ചീനഭരണികള്‍, കമണ്ഡലു, ഭസ്മചട്ടി തുടങ്ങിയ അപൂര്‍വം വസ്തുക്കള്‍ ശേഖരത്തിലുണ്ട്. ഇവയൊക്കെ കുടുംബത്തിലെ മുന്‍തലമുറ കൃഷിക്കും മറ്റുമായി ഉപയോഗിച്ചിരുന്നതും സുഹൃത്തുക്കളില്‍നിന്ന് ശേഖരിച്ചതുമാണ്.

വീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ചരിത്രവസ്തുക്കള്‍ സൂക്ഷിക്കുന്നത്. ഒൗഷധസസ്യങ്ങളുടെ വിപുലമായ ശേഖരവും സുന്ദരേശ്വരന്‍ പിള്ളയുടെ വീട്ടിലുണ്ട്. മികച്ച കര്‍ഷകന്‍ കൂടിയായ ഇദ്ദേഹത്തിന് 2014ല്‍ ജില്ലാതല കര്‍ഷകമിത്ര അവാര്‍ഡും 2012ല്‍ മികച്ച സമ്മിശ്ര കൃഷിക്കുള്ള പഞ്ചായത്തുതല അവാര്‍ഡും ലഭിച്ചിരുന്നു. പുതിയ തലമുറക്ക് പ്രയോജനപ്രദമായി പഴയ നാട്ടറിവുകള്‍ കൈയെഴുത്ത് പ്രതികളാക്കി സൂക്ഷിക്കുന്നുണ്ട്. മണ്ണിന്‍െറ സ്പന്ദനവും ജല പര്യവേക്ഷണവും വിവരിക്കുന്ന സ്പന്ദനം, പഴയ സസ്യങ്ങളെ പ്രതിപാദിക്കുന്ന സ്ഥിതി, കേരളപ്പഴമ, നാട്ടറിവുകള്‍, ഞാറ്റുവേല എന്നിവ വിശദമാക്കുന്ന സംഹാരം, കുടുംബകൃഷിയെ പ്രതിപാദിക്കുന്ന മികവ്, മത്സ്യകൃഷിയെക്കുറിച്ചുള്ള സംതൃപ്തി, കാര്‍ഷിക പുരോഗതി വിശദീകരിക്കുന്ന സന്തോഷം എന്നിങ്ങനെ വരുംതലമുറകള്‍ക്ക് മുതല്‍കൂട്ടാവുന്ന വിവരങ്ങള്‍ 14 വാല്യങ്ങളാക്കി സൂക്ഷിക്കുന്നുണ്ട്.

‘മണ്ണ് പേറ്റമ്മയും ഭൂമി പെറ്റമ്മയും’എന്ന സന്ദേശം എത്തിക്കാനായി കൃഷി സംബന്ധമായ ക്ളാസുകളും എടുക്കുന്നുണ്ട്. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപ്പെട്ട, പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന പല വസ്തുക്കളും ഇദ്ദേഹത്തിന്‍െറ ശേഖരത്തിലുണ്ട്. പോയ കാലത്തിന്‍െറ കരുത്തും വര്‍ത്തമാനകാലത്തിന്‍െറ ചൈതന്യവുമായ നാട്ടറിവുകള്‍ വരുംതലമുറകള്‍ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് സുന്ദരേശ്വരന്‍പിള്ളയുടെ ജീവിത ലക്ഷ്യം. അടയമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ആര്‍. ചന്ദ്രികയാണ് ഭാര്യ. ദേവികയും കീര്‍ത്തനയുമാണ് മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT