കേരള ബാങ്ക്: സാധ്യതാപഠനത്തിന് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തും –എ.സി. മൊയ്തീന്‍

തിരുവനന്തപുരം: കേരളത്തിന്‍െറ സ്വന്തം ബാങ്ക് യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച പഠനത്തിന് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. റിട്ട. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതിയാകും പഠനം നടത്തുക. ടു-ടയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്‍െറ സ്വന്തം ബാങ്കാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനവികസനത്തിന് ആവശ്യമായ പണം നമ്മുടെ സഹകരണപ്രസ്ഥാനങ്ങളില്‍ തന്നെയുണ്ട്. എന്നാലിവ വിനിയോഗിക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതിലൂടെ ഈ പ്രതിസന്ധികള്‍ മറികടക്കാനാകും. ആരുടെയും തൊഴില്‍ നഷ്ടമാക്കാനല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‍െറ വികസനമാണ് നമുക്ക് ആവശ്യം. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ച് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകൂവെന്നും മന്ത്രി പറഞ്ഞു.
 നബാര്‍ഡ് എംപ്ളോയീസ് അസോസിയേഷന്‍ (എന്‍.ഇ.എ.ടി) ‘സഹകരണമേഖലയും കേരളവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണമേഖല രാജ്യത്തിനുതന്നെ മാതൃകയാണെന്നും അതിന്‍െറ നവീകരണം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സാമൂഹികപ്രതിബദ്ധതയോടെയാണ് നമ്മുടെ സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ സേവനം പ്രയോജനപ്പെടുത്താത്ത കുടുംബങ്ങള്‍ കേരളത്തിലില്ല. എന്നാല്‍, പുതുതലമുറയെ സഹകരണമേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. അതിന് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. അല്ലാത്തപക്ഷം യുവാക്കള്‍ സഹകരണമേഖലയോട് അകലം പാലിക്കും. സഹകരണപ്രസ്ഥാനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം കാര്‍ഷിക, വ്യാവസായികരംഗത്തെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും അതിനുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍.ഇ.എ.ടി പ്രസിഡന്‍റ് വി. അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.