ബേബി അഞ്ചേരി വധക്കേസ്: സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് ഹരജി

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബേബി അഞ്ചേരി കൊല്ലപ്പെട്ട കേസില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹരജി നല്‍കി. ജയചന്ദ്രനെക്കൂടാതെ എ.കെ. ദാമോദരന്‍, വി.എം. ജോസഫ് എന്നിവരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രോസിക്യൂഷന്‍െറ ആവശ്യം.

ബേബി അഞ്ചേരി വധക്കേസില്‍ ഉടുമ്പന്‍ചോല സ്വദേശി കൈനകരി കുട്ടന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം.എം. മണി എം.എല്‍.എ, സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.ജി. മദനന്‍, പരേതനായ പാമ്പാടുംപാറ സ്വദേശി വര്‍ക്കി എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികള്‍. കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, ഗൂഢാലോചന, ആയുധനിയമം, കുറ്റകൃത്യം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബേബി കൊല്ലപ്പെടുന്ന 1982 ഒക്ടോബര്‍ 14ന് രാത്രി രാജാക്കാട് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തില്‍ എം.എം. മണിയും എ.കെ. ദാമോദരനും വി.എം. ജോസഫും ഉണ്ടായിരുന്നതായി മുന്‍ സി.പി.എം നേതാവ് മോഹന്‍ദാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയിരുന്നു. പ്രതിപ്പട്ടികയിലുള്ള പാമ്പുപാറ കുട്ടന്‍, എം.എം. മണി, ഒ.ജി. മദനന്‍ എന്നിവര്‍ ശനിയാഴ്ച തൊടുപുഴ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. കേസ് ഈമാസം 20ന് വീണ്ടും പരിഗണിക്കും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.