മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അഡ്വക്കറ്റ് ജനറലിന്‍െറ അധ്യക്ഷതയില്‍ പ്രത്യേക സ്ഥിരംസമിതി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഹൈകോടതിയിലും തലസ്ഥാനത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍, കേരള ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ്, പ്രശ്നബാധിത പ്രദേശത്തെ ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്, കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് സംസ്ഥാന പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ് അല്ളെങ്കില്‍ ജില്ലാസെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പൊലീസുകാര്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിക്കും ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിക്കും സമിതിയില്‍ പങ്കെടുക്കാമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ജൂലൈ 21ന് വഞ്ചിയൂര്‍ കോടതിവളപ്പില്‍ അഭിഭാഷകര്‍ അഴിഞ്ഞാടിയതിനു തൊട്ടുപിന്നാലെ ഹൈകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ തലസ്ഥാനത്തത്തെി മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലും മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്ന സ്ഥിരംസമിതിയുടെ ആവശ്യകത വ്യക്തമാക്കിയിരുന്നു.
മുതിര്‍ന്ന ജഡ്ജിമാരായ പി.ആര്‍. രാമചന്ദ്രമേനോനും പി.എന്‍. രവീന്ദ്രനും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ച ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി എറണാകുളത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരംസമിതി രൂപവത്കരിക്കാന്‍ ധാരണയായതിന്‍െറ അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവിറങ്ങിയ പശ്ചാത്തലത്തില്‍ സമിതിയുടെ സിറ്റിങ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, സമവായ ചര്‍ച്ചകള്‍ക്കായി അധികൃതര്‍ മുന്നിട്ടിറങ്ങുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വ്യാപിക്കുകയാണ്. മിക്ക കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കുള്ളതിനാല്‍ വാര്‍ത്തശേഖരണം പൂര്‍ണസജ്ജമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.