കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കോട്ടയം: ‘ബോബനും മോളിയിലൂടെ’ നാലുപതിറ്റാണ്ടുകളോളം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10.45ന് കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

1929 ജൂണ്‍ ആറിന് കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞിത്തൊമ്മന്‍െറയും (വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍) സിസിലി തോമസിന്‍െറയും മകനായാണ് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് എന്ന ടോംസ് ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വരയില്‍ താല്‍പര്യം ഉണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് മദ്രാസിലേക്ക് ഒളിച്ചോടി ബ്രിട്ടീഷ് പട്ടാളത്തില്‍ ഇലക്ട്രീഷ്യനായി ചേര്‍ന്നു. യുദ്ധം തീര്‍ന്നതിനാല്‍ ഒരുമാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ജ്യേഷ്ഠനും ശങ്കേഴ്സ് വീക്കിലിയില്‍ ഏഴുവര്‍ഷം വരച്ചയാളുമായ കാര്‍ട്ടൂണിസ്റ്റ് പീറ്റര്‍ തോമസിനെ മാതൃകയാക്കി പൂര്‍ണമായും വരയിലേക്ക് തിരിഞ്ഞു.

കോട്ടയത്തെ ദീപികയില്‍ വരച്ചാണ് ടോംസ് കാര്‍ട്ടൂണ്‍ ജീവിതത്തിന് തുടക്കമിട്ടത്. ബിരുദധാരണത്തിനുശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിച്ചു. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ ഓര്‍മകളിലെ രേഖാചിത്രം എന്ന തലക്കെട്ടില്‍ ടോംസ് തന്‍െറ അനുഭവക്കുറിപ്പ് എഴുതി. 30ാം വയസ്സിലാണ് ബോബനെയും മോളിയേയും കണ്ടത്തെുന്നത്. അവര്‍ അയല്‍പക്കത്തെ കുട്ടികളായിരുന്നു. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീട് തന്‍െറ കുട്ടികള്‍ക്കും അദ്ദേഹം ഇതേ പേരിട്ടു.

ഭാര്യ: തെരീസാക്കുട്ടി. മക്കള്‍: ബോബന്‍ (ടോംസ് പബ്ളിക്കേഷന്‍സ്), മോളി, റാണി (ആരോഗ്യവകുപ്പ്), ഡോ. പീറ്റര്‍ (യു.കെ), ബോസ് (ടോംസ് കോമിക്സ്), ഡോ.പ്രിന്‍സി (സീനിയര്‍ റിസര്‍ച് ഓഫിസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മുംബൈ). മരുമക്കള്‍: ഇന്ദിരാ ട്രീസാ, സിമി, ബീമോള്‍,  പോള്‍ ഐസക് നെയ്യാരപള്ളി ചേര്‍ത്തല, പരേതനായ ഡോ. ടോജോ കളത്തൂര്‍ (കണ്ണൂര്‍), ബിജു ജോണ്‍ (മുംബൈ).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.