കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത് ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയം 

ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന രണ്ടാമത് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും വിജയം. എറണാകുളം എടവനക്കാട് രായംമരക്കാര്‍ വീട്ടില്‍ ബഷീറാണ് (55) ചൊവ്വാഴ്ച ഹൃദയം മാറ്റിവെക്കലിന് വിധേയനായത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആലുവ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച 22കാരനായ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയാണ് ഹൃദയം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10.14ന് എത്തിച്ച ഹൃദയം 12.30ഓടെ വെച്ചുപിടിപ്പിക്കുകയും ഉച്ചക്ക് 1.20ന് ബഷീറിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. യുവാവിന്‍െറ കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയും ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിനും ഒരെണ്ണം എറണാകുളം ലേക്ഷോര്‍ ആശുപത്രിക്കും നല്‍കി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് യുവാവിന് മസ്തിഷ്ക മരണം സംഭവിച്ച വിവരം ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുന്നത്. ഉടന്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതത്തിന് ബന്ധുക്കള്‍ തയാറായി. തുടര്‍ന്നാണ് മൃതസഞ്ജീവനി പ്രവര്‍ത്തകന്‍ ജോമി ജോര്‍ജുമായി ബന്ധപ്പെടുന്നത്. ‘ഒ’ നെഗറ്റിവ് ഗ്രൂപ്പില്‍പെട്ട ഹൃദയമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തില്‍ ചികിത്സയിലുള്ള ബഷീറിന് പ്രഥമ പരിഗണന നല്‍കി. ഹൃദയ ശസ്ത്രക്രിയ മേധാവി ഡോ. ടി.കെ. ജയകുമാര്‍ നേരിട്ട് ബഷീറിന്‍െറ ബന്ധുക്കളെ വിവരം അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടിന് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലത്തെിയ ബഷീറുമായി ഡോക്ടര്‍മാര്‍ സംസാരിച്ചു. തുടര്‍ന്ന് പരിശോധനക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രാത്രി 8.30ന് പുറപ്പെട്ട ഡോ. ജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം 10.30ന് ആശുപത്രിയില്‍ എത്തി. ഹൃദയത്തോടൊപ്പം കരളും എടുക്കേണ്ടതിനാല്‍ ഇരുവിഭാഗം ഡോക്ടര്‍മാരും വേണ്ടതിനാല്‍ സംഘം അവിടെ തങ്ങി. ചൊവ്വാഴ്ച രാവിലെ ആറിനാണ് ബംഗളൂരുവില്‍നിന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ കരള്‍രോഗ വിദഗ്ധന്‍ എത്തുന്നത്. 8.26ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഹൃദയവുമായി 8.40ന് പുറപ്പെട്ട സംഘം 10.14ന് കോട്ടയം മെഡിക്കല്‍ കോളജിലത്തെി. 46 മിനിറ്റുകൊണ്ട് ഹൃദയം വെച്ചുപിടിപ്പിച്ചു. ഉച്ചക്ക് 12.30ന് ബഷീറിന്‍െറ ശരീരത്തില്‍ പുതിയ ഹൃദയം മിടിച്ചുതുടങ്ങി. തുടര്‍ന്ന് 1.20ന് പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ബഷീറിന് മറ്റ് രോഗങ്ങള്‍ ഇല്ലാത്തതിനാല്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോ. ജയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

നാലു മാസം മുമ്പ് ഇവിടെ ആദ്യമായി ഹൃദയം മാറ്റിവെച്ച പത്തനംതിട്ട സ്വദേശി പൊടിമോന് മറ്റ് പല രോഗങ്ങളും ഉണ്ടായിരുന്നതാണ് മരിക്കാന്‍ കാരണമെന്നും എന്നാല്‍, ബഷീറിന് അത്തരം രോഗങ്ങളില്ളെന്നും ഡോ. ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ 21ന് തൃശൂര്‍ ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച പൂര്‍ണിമയുടെ (37)   ഹൃദയം ബഷീറിനായി എടുക്കാന്‍ സംഘം പോയെങ്കിലും രക്തസമ്മര്‍ദം താഴ്ന്ന നിലയിലായതിനാലും അണുബാധ ഉണ്ടായതിനാലും ഹൃദയമെടുക്കാന്‍ കഴിയാതെ തിരിച്ചുപോന്നിരുന്നു. ഡോക്ടര്‍ ആര്‍. രതീഷ്, ഡോ. ജോസഫ്, ഡോ. വിനീത, ഡോ. ആകാശ് ബാബു, ഡോ. ഹുനാല്‍ കൃഷ്ണ, ഡോ. അഷ്റഫ്, അനസ്തേഷ്യ വിഭാഗത്തില്‍ ഡോ. എല്‍സമ്മ, ഡോ. സഞ്ജയ് തമ്പി, ഡോ. രവി എന്നിവരും പെര്‍ഫ്യൂഷനിസ്റ്റുമാരായ രാജേഷ് മുള്ളന്‍കുഴി, ജെഫിന്‍ ജോയി, നഴ്സുമാരായ ലതികമ്മ, അഖില വേണുഗോപാല്‍, പ്രീതി, എല്‍സമ്മ, ലിസി, ചെറിയാന്‍, ടിറ്റോ, സനില്‍, അനുജ, അനസ്തേഷ്യ ടെക്നീഷ്യന്മാരായ ബിബി, രാഹുല്‍, അരുണ്‍ എന്നിവരും അടങ്ങുന്നതാണ് ശസ്ത്രക്രിയ സംഘം. ആലുവ മുതല്‍ മെഡിക്കല്‍ കോളജുവരെയുള്ള യാത്രയില്‍ ആംബുലന്‍സ് ഡ്രൈവര്‍ റോയിയും തുണയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.