ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെ തള്ളിപ്പറഞ്ഞ് മാനേജ്മെന്‍റ്

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ വിവാദ മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’യെ തള്ളിപ്പറഞ്ഞ് കോളജ് മാനേജ്മെന്‍റ്. കോളജിന്‍െറ പേര് ദുരുപയോഗം ചെയ്താണ് മാഗസിന്‍ പ്രസിദ്ധീകരിച്ചതെന്നും നടപടിക്രമം പാലിച്ചില്ളെന്നും മാനേജര്‍ മായാ ഗോവിന്ദും പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മാഗസിന്‍ ഫണ്ട് ഇനത്തില്‍ നല്‍കാനുള്ള 90,000 രൂപ ഇനി കൊടുക്കില്ളെന്നും ചീഫ് എഡിറ്ററായ പ്രിന്‍സിപ്പലിന് പോലും മാഗസിനിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗിക നിര്‍ദേശമില്ലാതെയാണ് മാഗസിന്‍ അച്ചടിച്ചതെന്നും ഇവര്‍ പറഞ്ഞു. മാഗസിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കസബ സ്റ്റേഷനില്‍ പരാതിനല്‍കുമെന്നും ഇവര്‍ പറഞ്ഞു. മാഗസിന്‍ രാജ്യദ്രോഹവും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്ന എ.ബി.വി.പി പരാതിക്കുപിന്നാലെയാണ് കോളജ് മാനേജ്മെന്‍റും രംഗത്തത്തെിയത്.
ചീഫ് എഡിറ്റര്‍ എന്ന നിലക്ക് ഡോ. പി.സി. രതി തമ്പാട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് അനുമതിയില്ലാതെയാണ്. മാഗസിനില്‍ പ്രസിദ്ധീകരിച്ച ഫോറം നാലില്‍ പറയുന്ന കാര്യങ്ങളും തെറ്റാണ്. ഇതില്‍ പ്രിന്‍സിപ്പലിന്‍െറ വ്യാജ ഒപ്പാണിട്ടതെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കസബ സി.ഐയെ അറിയിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
മലയാളത്തിലെ പരിചിതമായ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്‍െറ മുഖ്യ പ്രതിപാദ്യം. എസ്.എഫ്.ഐ ഭരിക്കുന്ന കോളജ് യൂനിയനാണ് മാഗസിന്‍ തയാറാക്കിയത്.
ദേശവിരുദ്ധമെന്ന് ആരോപിച്ച് മാഗസിന്‍ കത്തിച്ച് എ.ബി.വി.പി പ്രവര്‍ത്തകരാണ് ആദ്യം രംഗത്തുവന്നത്. മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ. എം. മാധവന്‍കുട്ടി, ഡോ. രതി തമ്പാട്ടി, ഭരണസമിതിയംഗം കെ.വി. ദേവകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.