മെഹ്സിനുവേണ്ടി സ്നേഹപ്രവാഹം; സമാഹരിച്ച തുക മുക്കാല്‍ ലക്ഷം പിന്നിട്ടു

കോഴിക്കോട്: എല്ലാ കുട്ടികളെയും പോലെ ചിരിക്കുന്ന മുഖവുമായി എപ്പോഴും കാണണേ എന്ന പ്രാര്‍ഥനയില്‍ മെഹ്സിന് നാടിന്‍െറ സ്നേഹപ്രവാഹം. സ്വദേശത്തും വിദേശത്തും നിന്നായി ഇരുപതിനായിരത്തോളം രൂപയാണ് വെള്ളിയാഴ്ച ഈ കുഞ്ഞുബാലന്‍െറ ചികിത്സക്കായി എത്തിയത്. ഇതോടെ ശേഖരിച്ച തുക 77,000 ആയി. ഇതിനിടെ, കിണാശ്ശേരിയില്‍  കൗണ്‍സിലര്‍ കെ.ടി. ബീരാന്‍കോയ രക്ഷാധികാരിയായി മെഹ്സിന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പി.സിക്കന്തര്‍ ചെയര്‍മാനും എം.കെ. അബ്ദുല്‍ കരീം കണ്‍വീനറുമാണ്. കെ. സുഹാസ്, കെ.പി. സന്തോഷ്,പി. കുഞ്ഞോയി, സി.എം. അബ്ദുല്‍ കബീര്‍, കെ.എ. റഹീം എന്നിവര്‍ അംഗങ്ങളാണ്.

എസ്.ബി.ടി മാങ്കാവ് യൂനിറ്റില്‍ ചികിത്സാ സഹായ നിധിക്കായി അക്കൗണ്ടും തുറക്കുമെന്നും ഇത് തിങ്കളാഴ്ച പ്രവര്‍ത്തനക്ഷമമാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘ഈ കുഞ്ഞുമുഖത്തിന് പിന്നിലെ വേദന എങ്ങനെ ആശ്വസിപ്പിക്കും? എന്ന വാര്‍ത്തയത്തെുടര്‍ന്നാണ് സഹായഹസ്തവുമായി സംഘടനകളും വ്യക്തികളും രംഗത്തുവന്നത്. കിണാശ്ശേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പൊക്കുന്ന് പറയിനിലം പറമ്പ് വീട്ടില്‍ മുദ്ദസിര്‍-സറീന ദമ്പതികളുടെ മൂത്തമകനാണ് മെഹ്സിന്‍.

മൂന്നുവയസ്സ് തികയുമ്പോഴും മൂത്രമൊഴിക്കാന്‍ കഴിയാത്ത രോഗത്തിന്‍െറ ഉടമയാണ് ഇവന്‍. വൃക്കയില്‍നിന്ന് ജനനേന്ദ്രിയത്തിലേക്ക് എത്തേണ്ട ഞരമ്പില്ലാത്തതാണ് പ്രശ്നം. വെല്ലൂരിലെ  ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ഉടന്‍ ശസ്ത്രക്രിയ നടക്കാനിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.