ഡയറക്ടര്‍ ബോര്‍ഡിന്‍െറ ശിപാര്‍ശ തള്ളി; ധനലക്ഷ്മി ബാങ്കിന് പുതിയ ചെയര്‍മാന്‍

തൃശൂര്‍: ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തയാളെ തള്ളി റിസര്‍വ് ബാങ്കിന്‍െറ നിര്‍ദേശ പ്രകാരം ധനലക്ഷ്മി ബാങ്കിന് പുതിയ ചെയര്‍മാനെ നിയമിച്ചു. സമീപകാലം വരെ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്‍െറ ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ്-റിസര്‍ച് ഡയറക്ടറായി പ്രവര്‍ത്തിച്ച ഡോ. ജയറാം നായരാണ് പുതിയ ചെയര്‍മാന്‍.
മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ നവംബറില്‍ കാലാവധി പൂര്‍ത്തിയാക്കിയ ടി.വൈ. പ്രഭുവിന്‍െറ ഒഴിവില്‍ ചെയര്‍മാന്‍െറ ചുമതല വഹിച്ചിരുന്ന ഡയറക്ടര്‍ പി. മോഹനനെ തല്‍സ്ഥാനത്ത് നിയമിക്കണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്‍െറ ശിപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിച്ചില്ല.
 ജയറാം നായരെ ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്കിന്‍െറ അംഗീകാരം നല്‍കിയ വിവരം ധനലക്ഷ്മി ബാങ്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്.
മൂന്ന് ബാങ്കിങ്ങിലും ഉന്നത വിദ്യാഭ്യാസ രംഗത്തും 34 വര്‍ഷത്തെ പരിചയമുള്ള ജയറാം നായര്‍ നേരത്തെ 17 വര്‍ഷം റിസര്‍വ് ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന കാലത്താണ് വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക്, ഡച്ച് ബാങ്ക്, യു.കെ ബാങ്ക് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 1991ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ധനതത്വ ശാസ്ത്രത്തില്‍ പിഎച്ച്.ഡി നേടിയിട്ടുണ്ട്.
അതിനിടെ, ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വ്യവസായി രവി പിള്ള രാജിവെച്ചു. അദ്ദേഹത്തിന്‍െറ രാജി കഴിഞ്ഞമാസം 30ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. രവി പിള്ള രാജിവെക്കാനുള്ള കാരണം വ്യക്തമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.