സമ്പൂർണ വെടിക്കെട്ട് നിരോധം വേണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ വെടിക്കെട്ട് നിരോധം വേണമെന്ന് പൊലീസ്. നാളെ ഹൈകോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഡി.ജി.പി ടി. പി.സെൻകുമാർ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനോട് ആവശ്യപ്പെട്ടു. കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിൻെറ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം.

വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് അപകടങ്ങൾ കുറക്കാനിടയാക്കുമായിരിക്കും. എന്നാൽ എത്രതന്നെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നാലും വെടിക്കെട്ടിൽ അപകടസാദ്ധ്യത ഏറെയാണ്. അപകട സാഹചര്യം ഒഴിവാക്കണമെങ്കിൽ സമ്പൂർണ വെടിക്കെട്ട് നിരോധം ഏർപ്പെടുത്തുകയേ വഴിയുള്ളൂവെന്ന് ഡി.ജി.പി റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, വെടിക്കെട്ട് നിരോധവുമായി ബന്ധപ്പെട്ട് ഹൈകോടതിലെ കേസിൽ തൃശൂർ പൂരത്തിൻെറ മുഖ്യസംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ കക്ഷി ചേരും. പൂരത്തെ വെടിക്കെട്ട് നിരോധത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം.

വെടിക്കെട്ട് നിരോധം സംബന്ധിച്ച പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്നലെ പരിഗണിച്ച സമയത്ത് പൊലീസിനെതിരെ ഗുരുതര  വിമർശം ഉന്നയിച്ചിരുന്നു. ജനങ്ങളെ രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പാടെ പരാജയപ്പെട്ടതായി ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു. ദേവസ്വം ഭാരവാഹികള്‍ക്കും വെടിക്കെട്ട് കരാറുകാര്‍ക്കും മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും ദുരന്തത്തിന്‍െറ ഉത്തരവാദിത്തമുണ്ട്. അതിനാല്‍, വീഴ്ച വരുത്തിയ ഉദ്യോഗസഥര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തതെന്ന് പൊലീസ്  അറിയിച്ചെങ്കിലും ബോധപൂര്‍വമുള്ള നരഹത്യാക്കുറ്റം ചുമത്തണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചുള്ള നടപടി പൊലീസിനെതിരെയും എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.