എന്‍.ഡി.എ ഘടകകക്ഷിയാക്കിയാല്‍ മത്സരിക്കും –സി.കെ. ജാനു

സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എയില്‍ ഗോത്രമഹാസഭയെ ഘടകകക്ഷിയായി അംഗീകരിച്ചാല്‍ മുന്നണി സ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുമെന്ന് സി.കെ. ജാനു ‘മാധ്യമ’ത്തോട് പറഞ്ഞു. തനിക്ക് പാര്‍ലമെന്‍ററി വ്യാമോഹമില്ല.   ഗോത്രസമുദായത്തിന്‍െറ സ്വന്തമായ അസ്തിത്വം അംഗീകരിക്കാന്‍  എന്‍.ഡി.എ തയാറാവുമ്പോള്‍ മാത്രമാണ് അവരുമായി സഹകരിക്കുക. തന്നെ പിന്തുണച്ചാലും ബി.ജെ.പിയും സഖ്യകക്ഷികളും മത്സരിക്കുന്ന മറ്റിടങ്ങളില്‍ ഗോത്രസമുദായത്തിന്‍െറ കണ്ണടച്ചുള്ള പിന്തുണ ഉറപ്പുപറയാനാവില്ല.
ബി.ജെ.പി സവര്‍ണ ഫാഷിസ്റ്റ് പാര്‍ട്ടിയാണെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍, ആദിവാസി സമൂഹത്തോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സവര്‍ണ ഫാഷിസ്റ്റ് സമീപനം തന്നെയാണ് സ്വീകരിക്കുന്നത്.  സമുദായ മേലധ്യക്ഷന്മാരുടെ കൈമുത്താന്‍ ഓടിനടക്കുന്ന ഇടത്-വലത് മുതലാളിമാര്‍ ബി.ജെ.പിയില്‍ മാത്രം വര്‍ഗീയത ആരോപിക്കുന്നതില്‍ എന്തര്‍ഥം? പട്ടികവര്‍ഗ വികസന വകുപ്പ് ആദിവാസി ഭരിച്ചിട്ടും മാറ്റമില്ലാതെ തുടരുന്നത് സവര്‍ണന്മാരുടെ അജണ്ടകള്‍ മാത്രം നടപ്പാക്കുന്ന ഉപകരണം മാത്രമായി അവര്‍ മാറിയതുകൊണ്ടാണ്. ഈ പശ്ചാത്തലത്തിലാണ് ഞങ്ങളെ അംഗീകരിക്കുന്നവരുടെ പിന്തുണ വേണ്ടെന്ന് പറയാന്‍ തയാറാവാത്തത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗോത്രമഹാസഭയും ഊരുവികസന മുന്നണിയും തീരുമാനിച്ചിട്ടില്ളെന്ന എം. ഗീതാനന്ദന്‍െറ പ്രസ്താവന ഏത് പശ്ചാത്തലത്തിലാണെന്നറിയില്ല.  ആദിവാസിയല്ലാത്ത ഗീതാനന്ദന്‍ ഗോത്രമഹാസഭയുടെ കോഓഡിനേറ്റര്‍ മാത്രമാണ്. ഗോത്രമഹാസഭ ആദിവാസികള്‍ മാത്രം അംഗങ്ങളായുള്ള സംഘടനയാണ്. ഗോത്രമഹാസഭയുടെ നിലപാടുകള്‍  പ്രഖ്യാപിക്കേണ്ടത്   സംഘടന അധ്യക്ഷ എന്നനിലയില്‍ താനാണ്. ഇതിന് ഗീതാനന്ദന്‍ അടക്കം മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഊരുവികസന ജനകീയ മുന്നണി മത്സരിക്കുന്നില്ല.
ബി.ജെ.പി പിന്തുണയില്‍ മത്സരിക്കാനുള്ള നീക്കം ജാനുവിന്‍െറ വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ അനുകൂലിക്കില്ളെന്നും ഗീതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. തീരുമാനവുമായി മുന്നോട്ടുപോകുമെന്നുമുള്ള ജാനുവിന്‍െറ മറുപടി വഴിപിരിയലിന്‍െറ സൂചനയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.