പാലക്കാട്/തിരുവനന്തപുരം: ട്രെയിനുകളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് സ്ളീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയ റെയില്‍വേ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പകല്‍ സമയങ്ങളില്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്‍റുകളിലെ യാത്രക്ക് സ്ളീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ശല്യമാകുന്നെന്ന പരാതിയെതുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് സെപ്റ്റംബര്‍ 16ന് ഉത്തരവിറക്കിയിരുന്നെങ്കിലും പ്രാബല്യത്തിലായത് ഞായറാഴ്ചയാണ്. ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതിനാല്‍ മൂന്നു ദിവസത്തിനുള്ളിലേ തിരുവനന്തപുരം ഡിവിഷനില്‍ ഉത്തരവ് നിലവില്‍ വരൂ. പാലക്കാട് ഡിവിഷനില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്. ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യാനുള്ള ഓര്‍ഡിനറി ടിക്കറ്റും പാസഞ്ചര്‍ ട്രെയിനിലെ ഫസ്റ്റ് ക്ളാസ് ടിക്കറ്റും മാത്രമേ ഇനി സാധാരണ കൗണ്ടറുകളില്‍നിന്ന് ലഭിക്കൂ. ഉയര്‍ന്ന ക്ളാസുകളിലെ കോച്ചുകളില്‍ സീറ്റുണ്ടെങ്കില്‍ മാത്രം ടി.ടി.ഇമാരുടെ മുന്‍കൂര്‍ അനുവാദത്തോടെ പണം നല്‍കി ഓര്‍ഡിനറി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് യാത്ര ചെയ്യാം. ട്രെയിനില്‍ കയറുന്നതിന് മുമ്പ് തന്നെ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യണം. അല്ളെങ്കില്‍ പിഴയും അധികനിരക്കും നല്‍കേണ്ടിവരും. അപ്ഗ്രേഡ് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് ലഭിക്കില്ല. പുതിയ പരിഷ്കാരം കാരണം സംസ്ഥാനത്ത് ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളിലെ തിരക്ക് വര്‍ധിച്ചിരിക്കയാണ്.
തീരുമാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്. തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ റെയില്‍വേമന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു. റെയില്‍വേയുടെ വരുമാനം തന്നെ നഷ്ടപ്പെടുത്തി പരിഷ്കാരം അടിച്ചേല്‍പിച്ച തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍മാരെ നിലയ്ക്കുനിര്‍ത്താന്‍ ബോര്‍ഡ് ചെയര്‍മാനും വകുപ്പുമന്ത്രിയും തയാറാകണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തീരുമാനത്തിലൂടെ റെയില്‍വേ യാത്രക്കാരെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്‍ ആവശ്യപ്പെട്ടു.
ഉത്തരവ് പിന്‍വലിക്കണമെന്ന് എം.ബി. രാജേഷ് എം.പിയും ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിതലിന് എം.പി കത്തയച്ചു. നടപടിയില്‍ പ്രതിഷേധം ശക്തമാക്കണമെന്ന് പി. കരുണാകരന്‍ എം.പി ഫേസ്ബുക് പോസ്റ്റിലൂടെയും ആവശ്യപ്പെട്ടു. നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും നിവേദനം നല്‍കിയതായി എം.പി അറിയിച്ചു. ഓള്‍ കേരള ട്രെയിന്‍ യൂസേഴ്സ് അസോസിയേഷന്‍, ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ തുടങ്ങിയ യാത്രക്കാരുടെ കൂട്ടായ്മകളും പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.