സ്കൂളുകളിലെ വൈഫൈ : 200 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍  വൈഫൈ ഹോട്ട് സ്പോട്ടുകളാകുന്നതിനൊപ്പം നിശ്ചിത നിരക്ക് ഈടാക്കി 200 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ക്ക് കൂടി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ആലോചന. ഇതുസംബന്ധിച്ച് ഐ.ടി അറ്റ് സ്കൂള്‍ സമര്‍പ്പിച്ച പ്രപ്പോസല്‍ സര്‍ക്കാറിന്‍െറ സജീവപരിഗണനയിലാണ്.  ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ വഴി  ഇന്‍റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ  സ്കൂളുകള്‍ക്ക് പ്രതിവര്‍ഷമുണ്ടാകുന്ന സാമ്പത്തികബാധ്യത ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 28,000 രൂപയാണ് നിലവിലെ പദ്ധതിപ്രകാരം ഓരോ സ്കൂളും സേവനദാതാക്കള്‍ക്ക് നല്‍കേണ്ടത്. സംസ്ഥാനത്തെ 3000 സ്കൂള്‍ കാമ്പസുകള്‍ വൈഫൈ ഹോട്ട് സ്പോട്ടുകളാവുന്നതോടെ 8.4 കോടി രൂപയാണ് സര്‍ക്കാറിന് ചെലവ്.

സ്കൂളിന് 200 മീറ്റര്‍ ചുറ്റളവില്‍  ശരാശരി 30വീടുകള്‍ക്ക് വൈഫൈ കണക്ഷന്‍ നല്‍കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ സെക്കന്‍ഡില്‍ നാല് എം.ബി വേഗമുള്ള നെറ്റ് കണക്ഷനാണ് നല്‍കാന്‍ തീരുമാനിച്ചതെങ്കിലും  ഗാര്‍ഹികകണക്ഷനുകള്‍ക്ക് സര്‍ക്കാര്‍ അനുമതിനല്‍കിയാല്‍ ഇത് 10 എം.ബിയായി  വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ട്. സംസ്ഥാനത്തെ ഏതാണ്ട് ലക്ഷം വീടുകളില്‍ ഇതിന്‍െറ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. ഗാര്‍ഹിക ഉപഭോക്താവിന് സ്വതന്ത്രമായി 10 എം.ബി വേഗമുള്ള നെറ്റ്സംവിധാനം ലഭ്യമാകണമെങ്കില്‍ നിലവില്‍ നാല് ലക്ഷം മുതല്‍ ആറ് ലക്ഷം വരെ ചെലവുവരും. പ്രാഥമികചെലവുകളെല്ലാം സ്കൂളുകള്‍ നിര്‍വഹിക്കുന്നതോടെ വാടക മാത്രം നല്‍കി സമീപത്തെ വീടുകള്‍ക്ക് പ്രയോജനപ്പെടുത്താനാവും.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബി.എസ്.എന്‍.എല്ലിനും  തൃശൂര്‍, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളില്‍ റെയില്‍വേയുടെ കീഴിലുള്ള റെയില്‍ടെല്ലിനുമാണ് പദ്ധതിയുടെ നിര്‍വഹണചുമതല. ഡിസംബറോടെ സ്കൂളുകളെ വൈഫൈ ഹോട്ട് സ്പോട്ടുകളാക്കാനാണ് ആലോചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.