കൊച്ചി: മൂന്നാര്‍ സമരത്തില്‍ നേതാക്കളെ അവഹേളിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നെന്ന് സി.പി.എം. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മൂന്നാറില്‍ എത്തുംമുമ്പേ തൊഴിലാളികളെ അഭിവാദ്യം ചെയ്തത്തെിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ അവഹേളിക്കപ്പെട്ടെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചതായാണ് സി.പി.എം ആരോപണം.
മൂന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളില്‍നിന്ന് പാര്‍ട്ടി സെക്രട്ടറിക്കും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും ഹൃദ്യസ്വീകരണമായിരുന്നു ലഭിച്ചത്. സമരം ചെയ്യുന്നവരോട് സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ തേയിലത്തൊഴിലാളികളുടെ ധാര്‍മികസമരം സി.പി.എം ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ചില പ്രത്യേക സാഹചര്യത്തില്‍ വനിതാ നേതാക്കളെ സമരം ചെയ്യുന്ന തൊഴിലാളികള്‍ കൈപിടിച്ച് എഴുന്നേല്‍പിക്കുന്ന ദൃശ്യങ്ങള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.
ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചതായും സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്നാര്‍ സമരത്തില്‍ വി.എസ്. അച്യുതാനന്ദന്‍ വഹിച്ച പങ്കിനെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്തില്ല. റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനും സംസ്ഥാന കമ്മിറ്റിയില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു.
മൂന്നാറില്‍ പാര്‍ട്ടി സെക്രട്ടറിയെയും നേതാക്കളെയും സമരം ചെയ്യുന്നവര്‍ അവഹേളിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വശ്രമം നടന്നെന്ന് സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എം.എം. ലോറന്‍സ് ‘മാധ്യമ’ത്തോട് പറഞ്ഞു.സമരത്തില്‍ ഇടപെടുന്നതില്‍ വീഴ്ച സംഭവിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എ, അനാവശ്യ പ്രസ്താവന നടത്തിയ സി.ഐ.ടി.യു നേതാവ് കെ.പി. സഹദേവന്‍ എന്നിവര്‍ക്കെതിരെ വിമര്‍ശവും സംസ്ഥാനസമിതിയില്‍ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.