തൃശൂര്‍: തസ്തിക രൂപവത്കരണം ഉള്‍പ്പെടെ അനിശ്ചിതത്വത്തിലായതോടെ എയ്ഡഡ് സ്കൂളുകളില്‍ പുതുതായി അനുവദിച്ച പ്ളസ് ടു ബാച്ചിലെ അധ്യാപകരുടെ ഭാവി ആശങ്കയില്‍. ഇവരുടെ ജോലിസ്ഥിരത ഉറപ്പാക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
നിരവധി ചര്‍ച്ചക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് കഴിഞ്ഞ അധ്യയനവര്‍ഷം 266 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 699 ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇത് മാനേജ്മെന്‍റുകളെ സഹായിക്കാനാണെന്നും അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാച്ചുകള്‍ യാഥാര്‍ഥ്യമായെങ്കിലും അധ്യാപക നിയമന നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്.
സര്‍ക്കാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് അധ്യാപക നിയമന നടപടികളുടെ ആദ്യഘട്ടമായ തസ്തിക രൂപവത്കരണം പോലും അനിശ്ചിതത്വത്തിലായത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് കഴിയില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ അനുവദിച്ച അധിക ബാച്ചില്‍ അധ്യാപകബാങ്കില്‍ നിന്നുള്ളവരെ നിയമിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ ബാച്ചിലെ വിദ്യാര്‍ഥികളുടെ പ്ളസ് വണ്‍ പരീക്ഷ കഴിഞ്ഞിട്ടും അധ്യാപകരുടെ ദുര്‍ഗതി തുടരുകയാണ്. തസ്തിക രൂപവത്കരണം ആരംഭിച്ചാല്‍ തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തായാവാന്‍ വര്‍ഷങ്ങളെടുക്കും. ഇതോടെ പ്രായപരിധി കടക്കാറായ പല ഉദ്യോഗാര്‍ഥികള്‍ക്കും ജോലിയില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാകും. കാലാവധി അവസാനിക്കുന്ന സമയത്ത് തസ്തിക രൂപവത്കരിച്ച് അധികച്ചെലവ് അടുത്ത സര്‍ക്കാറില്‍ കെട്ടിവെക്കാനും നിയമന നടപടികള്‍ ആരംഭിച്ചെന്ന് അവകാശപ്പെട്ട് വോട്ട് നേടാനുമാണ് മുന്‍ കാലങ്ങളില്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിട്ടുള്ളത്.
നിയമന നടപടി പൂര്‍ത്തീകരിച്ചാലും ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ കിട്ടാറില്ല എന്നതാണ് മറ്റൊരു പ്രശ്നം. അനധ്യാപക നിയമനം നടക്കാത്തതിനാല്‍ ആ ജോലികൂടി അധ്യാപകരുടെ തലയിലാണ്. മാനേജ്മെന്‍റുകള്‍ നല്‍കുന്ന തുച്ഛ വേതനം വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍. ചില മാനേജ്മെന്‍റുകള്‍ ഇതുകൂടി നല്‍കുന്നില്ളെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.