തൃശൂര്‍: അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഒഴിവാക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ് കാറ്റില്‍പറത്തി പൊലീസ് വാഹനങ്ങള്‍ ചീറിപ്പായുന്നു. ശബ്ദമലിനീകരണത്തിന് ഇടയാക്കുന്ന ‘ഇലക്ട്രോണിക് മള്‍ട്ടി ടോണ്‍ഡ്’ ഹോണുകള്‍ പൊലീസ് വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന് ജൂണ്‍ 17നാണ് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് വാഹനങ്ങളിലെ ഹോണുകളുടെ ഡെസിബെല്‍ സംബന്ധിച്ചും ഇതില്‍ വ്യക്തമാക്കിയിരുന്നു.
പൊലീസിന്‍െറ ഇരുചക്രവാഹനങ്ങളില്‍ 81 മുതല്‍ 85 വരെയും കാറുകളില്‍ 83 മുതല്‍ 88 വരെയും ബസുകളില്‍ 92 മുതല്‍ 94 വരെയും ഡെസിബല്ലുള്ള ഹോണുകളാണ് നിര്‍ദേശിച്ചിരുന്നത്. ഉത്തരവിന് വിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ ഡ്രൈവര്‍ക്കൊപ്പം വാഹനം ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കുമെന്നായിരുന്നു ഡി.ജി.പിയുടെ മുന്നറിയിപ്പ്. ഉത്തരവ് പുറത്തിറങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും പൊലീസ് വാഹനങ്ങളില്‍ കാതടപ്പിക്കുന്ന ഹോണുകളാണുള്ളത്. ചില വാഹനങ്ങളില്‍ മുന്‍ഭാഗത്തെ ഹോണ്‍ ഉള്ളിലേക്ക് മാറ്റുകയും അത് നിയന്ത്രിക്കാന്‍ ടൂവേ സ്വിച്ച് ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തരവ് ലംഘിച്ചതിന്‍െറ പേരില്‍ ഏതെങ്കിലും പൊലീസ് ഡ്രൈവര്‍ക്കെതിരെയോ ഉദ്യോഗസ്ഥനെതിരെയോ നടപടിയെടുത്തിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ ഉള്‍പ്പെടെ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.