കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗത്തിലെ കാന്‍സര്‍ വാര്‍ഡിലെ ആറുമാസത്തെ തീവ്രപരിചരണത്തിനുശേഷം ഈ കുരുന്നുകള്‍ ഇന്ന് ജീവിതത്തിലേക്ക് പിച്ചവെക്കുകയാണ്. വീട്ടിലേക്ക് മടങ്ങിയെങ്കിലും തുടര്‍ പരിചരണവും പരിശോധനയും ചികിത്സയും ഇവര്‍ക്കുവേണം. കാന്‍സറിനെ അതിജീവിച്ച നാലു വയസ്സ് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ഞായറാഴ്ച പുറംലോകത്തെ കാഴ്ചകള്‍ കാണാനിറങ്ങി. ആറു വയസ്സുള്ള ഭാവനയും 10ാം ക്ളാസില്‍ പഠിക്കുന്ന നിര്‍മലും ഉള്‍പ്പെടെ 26ഓളം കുട്ടികള്‍ രാവിലെ ആര്‍.പി മാളിലെ ഫിലിം സിറ്റിയിലത്തെി അവരുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍െറ ‘ജമ്നാപ്യാരി’ കണ്ടു. ആദ്യമായി തിയറ്ററിനുള്ളിലത്തെിയ കൊച്ചുകുരുന്നുകള്‍ക്ക് വിസ്മയം. ഇതുവരെ കീമോ വാര്‍ഡിലെ വേദനകള്‍ മാത്രമറിഞ്ഞ അവര്‍ സ്ക്രീനിലെ വിസ്മയത്തില്‍ മതിമറന്നു.
ഉച്ചയോടെ ചിത്രംകണ്ട സന്തോഷം തീരുംമുമ്പേ കുഞ്ചാക്കോ ബോബനും അവര്‍ക്കരികിലത്തെി. സ്ക്രീനില്‍ക്കണ്ട വാസുക്കുട്ടനെ നേരില്‍ക്കണ്ടപ്പോള്‍ കുട്ടികള്‍ക്ക് ‘മധുരനാരങ്ങ’ ലഭിച്ചപോലെയായി. ‘ജമ്നാപ്യാരി’യുടെ 25ാം ദിവസം കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ആഘോഷിച്ചത്. മെഡിക്കല്‍ കോളജിലെ കെയറിങ് ഫോര്‍ ചൈല്‍ഹുഡ് കാന്‍സര്‍ ആന്‍ഡ് ക്രോണിക് ഇല്‍നസ് (സി ഫോര്‍ സി.സി ആന്‍ഡ് സി.ഐ) എന്ന സംഘടന എല്ലാവര്‍ഷവും കുട്ടികളുമായി ഒരുദിവസത്തെ യാത്ര നടത്താറുണ്ട്.
ഇത്തവണ ആ യാത്രയില്‍ കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്‍െറ വെല്‍ഫെയര്‍ അസോസിയേഷനും ആം ഫോര്‍ ജോയി എന്ന സന്നദ്ധ സംഘടനയുമെല്ലാം പങ്കാളികളാകുകയായിരുന്നു. രോഗത്തിന്‍െറ ഗുരുതരാവസ്ഥയില്‍നിന്ന് അതിജീവിച്ച് നിരീക്ഷണ കാലഘട്ടത്തിലുള്ള കുട്ടികളാണിവര്‍. ചിലര്‍ക്ക് കീമോയും ആവശ്യമാണ്. എങ്കിലും, ശ്രദ്ധയോടെ പുറത്തുകൊണ്ടുപോകുന്നതിനും മറ്റും തടസ്സമില്ല. ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞ് മലപ്പുറത്തേക്കും വയനാട്ടിലേക്കും കോഴിക്കോട്ടെ വിവിധയിടങ്ങളിലേക്കും മടങ്ങിയവരാണ് ഇന്നത്തെ ആഹ്ളാദത്തില്‍ പങ്കുചേരാനായി ദൂരെനിന്ന് അമ്മമാര്‍ക്കൊപ്പം കോഴിക്കോട്ടത്തെിയത്.
ദുബൈയിലെ പാലക്കാട് സ്വദേശി ശ്രീകാന്താണ് ഇവരുടെ ഇന്നത്തെ യാത്രയും മറ്റും സ്പോണ്‍സര്‍ ചെയ്തത്. ‘ആം ഓഫ് ജോയി’ എന്ന സന്നദ്ധ സംഘടനയും കുട്ടികളുടെ ഈ ദിനം മനോഹരമാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജമ്നാപ്യാരിയുടെ ടിക്കറ്റും കുട്ടികള്‍ക്കുള്ള ഭക്ഷണവും മറ്റുമെല്ലാം സ്പോണ്‍സര്‍ ചെയ്യാന്‍ കുഞ്ചാക്കോ ബോബനും മുന്നോട്ടുവന്നത്. ഫിലിം സിറ്റി മാനേജ്മെന്‍റ് കുട്ടികള്‍ക്കുമാത്രമായാണ് ഷോ നടത്തിയത്. അവരുടെ അമ്മമാര്‍ക്ക് പുത്തന്‍ സാരിയും അസുഖംമൂലം പുറത്തുവരാന്‍ കഴിയാത്ത കുട്ടികള്‍ക്കുള്ള കിറ്റും ചടങ്ങില്‍ കൈമാറി. മാളിലെ കാഴ്ചകളുംകണ്ട് അവര്‍ ബേപ്പൂരിലെ ഗോദീശ്വരം ബീച്ചിലേക്ക് ബസില്‍ യാത്രതിരിച്ചു. അവിടത്തെ റിസോര്‍ട്ടില്‍നിന്ന് ഭക്ഷണവും തുടര്‍ന്ന് ബീച്ചില്‍ ആവോളം ഉല്ലാസവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.