സ്പെഷല്‍ സ്കൂളുകളിലെ നിയമനം: ഭേദഗതി ഉത്തരവിന് നിര്‍ദേശിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: എയ്ഡഡ് പദവി നല്‍കുന്ന സ്പെഷല്‍ സ്കൂളുകളില്‍ ജീവനക്കാരുടെ നിയമനം പി.എസ്.സി വഴിയാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ഉത്തരവ് ഭേദഗതി വരുത്താന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സ്വകാര്യ മാനേജ്മെന്‍റുകള്‍ സ്വന്തം നിലക്ക് നടത്തുന്ന സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രധാന മാനദണ്ഡമായിരുന്നു നിയമനം പി.എസ്.സി വഴിയായിരിക്കുമെന്ന്.
ഇതുപ്രകാരം മേയ് 15ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമായ ഉത്തരവുമിറക്കി. എന്നാല്‍, ഉത്തരവിറങ്ങിയതിനു തൊട്ടുപിന്നാലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാന മാനദണ്ഡം ഭേദഗതി ചെയ്ത് നിയമനാധികാരം മാനേജ്മെന്‍റുകള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. നിലവില്‍ ഈ സ്കൂളുകളില്‍ മതിയായ യോഗ്യതയില്ലാതെ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്ക് എസ്.എസ്.എല്‍.സിയോ പ്ളസ് ടുവോ യോഗ്യതയുണ്ടെങ്കില്‍ തുടരാനുള്ള ഭേദഗതിയും സര്‍ക്കാര്‍ കൊണ്ടുവന്നു. സ്പെഷല്‍ സ്കൂളിലെ മേട്രണ്‍, ആയ തസ്തികകളില്‍ കണ്‍സോളിഡേറ്റഡ് പേ എന്നത് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയിലിലെ ഏറ്റവും താഴ്ന്ന നിരക്കും ആനുപാതിക ഡി.എയും എന്നാക്കിയും ഭേദഗതി വരുത്തി. ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ എന്ന പരിഗണനയിലാണ് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി 100 കുട്ടികളെങ്കിലുമുള്ള സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തേയുണ്ടായിരുന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം 1:15ല്‍നിന്ന് 1:8 ആയും കുറച്ചു. ഇതിനു പിന്നാലെ 50ല്‍ അധികം കുട്ടികളുള്ള സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എയ്ഡഡ് പദവിക്ക് വഴിയൊരുങ്ങിയതോടെയാണ് പി.എസ്.സി വഴി നിയമനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്‍റുകള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. സര്‍ക്കാറിന് കോടികളുടെ സാമ്പത്തിക ബാധ്യത വരുന്നതാണ് സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം.
നിയമനം പി.എസ്.സിക്ക് വിടുന്നതു വഴി യോഗ്യതയുള്ളവര്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ അധ്യാപകരാകാനുള്ള വഴിയാണ് തുറന്നിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.